Kerala

വിഴിഞ്ഞം തുറമുഖം :സംസ്ഥാനത്തിന്റെ താല്‍പര്യം പൂര്‍ണമായും സംരക്ഷിക്കും :മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയോ സര്‍ക്കാരുമായി കൂടിയാലോചന നടത്തുകയോ ചെയ്യാതെയാണ് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ (എ.വി.പി.പി.എല്‍) 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി നിക്ഷേപം നടത്തുന്നെന്ന പ്രഖ്യാപനമുണ്ടായത് എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അതൃപ്തി മുഖ്യമന്ത്രി വി.ഡി സതീശന്‍ അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് മാനേജ്‌മെന്റിനെ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയ കണ്‍സഷന്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ എക്കാലത്തെയും സ്വപ്ന പദ്ധതിയായിരുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമായത്.

സര്‍ക്കാരിന്റെ അനുമതിയോട് കൂടി മാത്രമെ കണ്‍സഷെനയറുടെ ഓഹരി ഘടനയില്‍ മാറ്റം വരുത്താനാകൂ. കണ്‍സഷന്‍ കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി പരിശോധിച്ചതിന് ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടര്‍ നിലപാട് സ്വീകരിക്കും.

സംസ്ഥാനത്തിന്റെ താല്‍പര്യം പൂര്‍ണമായും സംരക്ഷിച്ച്, വിഴിഞ്ഞം തുറമുഖത്തെ ആഗോളതലത്തില്‍ മത്സരക്ഷമമായ ട്രാന്‍സ്ഷിപ്‌മെന്റ് ഹബ്ബെന്ന നിലയില്‍ അതിന്റെ പൂര്‍ണ സാധ്യതകള്‍ കൈവരിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top