Kerala

ഇത് ഹോട്ടലോ ഈച്ച വളർത്തൽ കേന്ദ്രമോ :ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയുടെ കുറിപ്പ് വൈറലാവുന്നു

മഴക്കാലമായതോടെ നമ്മുടെ ഹോട്ടലുകളിലൊക്കെ ഈച്ച ശല്യവും അധികരിച്ചു .ഹോട്ടലിൽ പരിശോധനയ്ക്കു പോയ ഒരു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയുടെ കുറിപ്പ് ഇപ്പോൾ വൈറലായിരിക്കയാണ് .ഇന്നലത്തെ പരിശോധനയിൽ കണ്ട ചില കാഴ്ചകൾ… അല്പം തമാശയോടെയും, ഏറെ ഗൗരവത്തോടെയും!”ഡോ. അനുശ്രീ എന്ന ഞാൻ,നയിച്ച നാദാപുരം സർക്കിൾ പരിധിയിൽ കല്ലാച്ചി യിലെ പരിശോധനയിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധയിൽപ്പെട്ടു. പൊതുജന ബോധവൽക്കരണത്തിനായി അവ ഇവിടെ പങ്കുവയ്ക്കുന്നു.

ആദ്യ കാഴ്ച — ഈച്ചകളുടെ സാന്നിധ്യം!
ഒരു സ്ഥാപനത്തിൽ കടന്നപ്പോൾ, ഒരു നിമിഷം “ഇത് ഭക്ഷ്യസ്ഥാപനമോ, ഈച്ചകളുടെ മീറ്റ്-അപ്പോ?” എന്ന് തോന്നിപ്പോയി. മഴക്കാലത്ത് ഈച്ചകൾ കൂടുതലാകാം, അതൊരു യാഥാർത്ഥ്യമാണ്. പക്ഷേ “മഴയായതുകൊണ്ടാണ്” എന്ന മറുപടി മാത്രം മതിയാകില്ല. ശുചിത്വ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും pest Management Practices ഉറപ്പാക്കുകയും ചെയ്താൽ ഇത്തരം പ്രശ്നങ്ങൾ വലിയ തോതിൽ നിയന്ത്രിക്കാനാകും. അല്ലാത്തപക്ഷം കട അടയ്ക്കേണ്ട സാഹചര്യം ഉണ്ടാകാം.

രണ്ടാമത്തെ കാഴ്ച — പാകം ചെയ്ത ചിക്കനിലെ അമിതമായ കൃത്രിമ നിറങ്ങൾ !
ചില ഭക്ഷ്യവസ്തുക്കളിലെ നിറം കണ്ടപ്പോൾ, “ഇത് മസാലയോ, പെയിന്റ് ഷേഡോ കാർഡോ?” എന്ന് പോലും തോന്നി. സിന്തറ്റിക് നിറങ്ങൾ ശരീരത്തിന് യാതൊരു ഗുണവും നൽകുന്നില്ല; മറിച്ച് ആരോഗ്യത്തിന് ഹാനികരമാണ്. അതിനാൽ ഇത്തരത്തിലുള്ള നിറങ്ങളുടെ ഉപയോഗം ഒഴിവാക്കണം.

അതോടൊപ്പം, പലതവണ ചൂടാക്കി വീണ്ടും വീണ്ടും ഉപയോഗിച്ച എണ്ണയും കണ്ടെത്തി. സിന്തറ്റിക് നിറങ്ങൾ കലർന്ന ഭക്ഷണം അതേ എണ്ണയിൽ വീണ്ടും പൊരിക്കുമ്പോൾ, എണ്ണയുടെ നിറം തന്നെ ചുവന്ന പെയിന്റ് കലർത്തിയതുപോലെ മാറുന്നു. ഇത്തരം എണ്ണയുടെ ഉപയോഗം ആരോഗ്യത്തിന് ഗൗരവമായ അപകടങ്ങൾ സൃഷ്ടിക്കും.

മൂന്നാമതായി — ഫ്രോസൺ ചിക്കന്റെ തെറ്റായ കൈകാര്യം
ഫ്രോസൺ ചിക്കൻ അനുവദനീയവും സുരക്ഷിതവുമാണ് — പക്ഷേ ഒരു നിബന്ധനയോടെ: അത് −18°C താപനിലയിൽ ശരിയായി സൂക്ഷിക്കണം. യന്ത്രസഹായത്തോടെ ശുചിത്വപരമായി പ്രോസസ് ചെയ്ത് സീൽ ചെയ്ത ഇത്തരം ഉൽപ്പന്നങ്ങളുടെ ഗുണമേന്മ നിലനിൽക്കുന്നത് ശരിയായ ഹാൻഡ്ലിംഗിനെ ആശ്രയിച്ചാണ്.
പക്ഷേ നാദാപുരം സർക്കിളിലെ പരിശോധനയിൽ, കൃത്യമായി സൂക്ഷിക്കാത്തതും expiry date കഴിഞ്ഞതുമായ ഫ്രോസൺ ചിക്കൻ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഒരു സ്ഥാപനത്തിൽ നിന്ന് 36 കിലോഗ്രാം ചിക്കൻ നശിപ്പിക്കുകയും ചെയ്തു.

മേൽപ്പറഞ്ഞ ന്യൂനതകൾ കണ്ടെത്തിയ എല്ലാ സ്ഥാപനങ്ങൾക്കെതിരെയും നിയമാനുസൃതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.എല്ലാ കച്ചവടക്കാരും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇന്നത്തെ മുന്നറിയിപ്പ്… നാളത്തെ നടപടിയുടെ തുടക്കമാണ് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top