Kerala

ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വിവരങ്ങള്‍ വ്യക്തിപരമല്ല-വിവരാവകാശ കമ്മീഷന്‍

 

കോട്ടയം : സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വിവരങ്ങൾ വ്യക്തിപരമാണെന്നു കാട്ടി വിവരാവകാശ ഓഫീസര്‍മാര്‍ അപേക്ഷകര്‍ക്കു നല്‍കിയ മറുപടി സ്വീകാര്യമല്ലെന്ന് സംസ്ഥാന വിവരവാകാശ കമ്മീഷന്‍. ഈ കാരണം പറഞ്ഞ് നേരത്തെ നിരസിച്ച വിവരങ്ങള്‍ അപേക്ഷകര്‍ക്ക് ലഭ്യമാക്കാന്‍ കോട്ടയത്തെ റീസർവേ അസിസ്റ്റന്‍റ് ഡയറക്ടർ ഓഫീസിലേയും കിഴക്കൻ മേഖലാ വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയിലെയും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്ക് വിവരാവകാശ കമ്മീഷണർ അഡ്വ. ടി കെ . രാമകൃഷ്ണൻ നിര്‍ദേശം നല്‍കി.മീനച്ചില്‍ താലൂക്ക് കോൺഫറൻസ് ഹാളിൽ കമ്മീഷൻ നടത്തിയ ഹിയറിംഗിലാണ് നടപടി.

ആസ്തി രജിസ്റ്ററില്‍ ഇല്ലാത്ത റോഡിന്‍റെ വിവരങ്ങള്‍ നല്‍കാതിരുന്നതില്‍ ഉഴവൂര്‍ ഗ്രാമപഞ്ചായത്തിലെ വിവരാവകാശ ഓഫീസര്‍ക്കെതിരെ പ്രവാസി വനിത നല്‍കിയ പരാതിയില്‍ പ്രസ്തുത വിവരം നല്‍കാനാവില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഗൂഗിള്‍ മാപ്പിലുള്ള റോഡാണെന്നു കാണിച്ചാണ് കമ്മീഷന് പരാതി നല്‍കിയത്. എന്നാല്‍ ഗൂഗിൾ മാപ്പ് ഔദ്യോഗിക രേഖയല്ലെന്നും ആസ്‌തി രജിസ്റ്ററിൽ ഉള്ള വിവരങ്ങൾ മാത്രമേ ഇക്കാര്യത്തിൽ ഔദ്യോഗികമായി അംഗീകരിക്കാൻ കഴിയൂ എന്നും കമ്മീഷന്‍ അറിയിച്ചു.

കോട്ടയത്തെ സെന്‍റർ ഫോർ പ്രൊഫഷണൽ ആൻഡ് ആഡ്വാന്‍സ്ഡ് സ്റ്റഡീസ്(സീപാസ്) വിവരാവകാശ നിയമത്തിലെ പൊതു അധികാരസ്ഥാനം എന്ന നിർവചനത്തിന്‍റെ പരിധിയില്‍ വരുന്നതാണെന്നും അതുകൊണ്ടുതന്നെ വിവരാവകാശ അപേക്ഷയില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ നല്‍കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു.

വിവരാവകാശ അപേക്ഷകള്‍ നല്‍കുമ്പോള്‍ ചോദ്യങ്ങള്‍ വ്യക്തമായി ഉന്നയിക്കാന്‍ അപേക്ഷകരും കൃത്യമായ മറുപടി സമയബന്ധിതമായി നല്‍കാന്‍ ഉദ്യോഗസ്ഥരും ജാഗ്രത പുലര്‍ത്തണമെന്നും വിവരാവകാശ കമ്മീഷന്‍ അഭിപ്രായപ്പെട്ടു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top