ബംഗാൾ ഉൾക്കടൽ ;ആൻഡമാൻ കടൽ ;നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ ശനിയാഴ്ചയോടെ കാലവർഷം എത്താൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള മദ്ധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തികൂടിയ ന്യൂനമർദം നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഇന്നുമുതൽ 17 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നൽ, കാറ്റോടുകൂടിയ ശക്തമായ മഴ എന്നിവയ്ക്കും സാദ്ധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കാലാവാസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.