പാലാ: എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിനായി വോട്ട് അഭ്യർത്ഥിച്ച് മുനമ്പം സമരസമതി പ്രവർത്തകർ. ഇന്നലെ രാവിലെയാണ് മുനമ്പം സമര സമിതി ഷോൺ ജോർജിൻ്റെ പ്രചാരണർത്ഥം പാലായിൽ കുരിശുപള്ളി കവലയിൽ ഉള്ള തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ഓഫീസിൽ എത്തിയത്. നാല് ദിവസം പാലായിൽ താമസിച്ച് സമരസമിതി ഭാരവാഹികൾ ഷോണിനായി പ്രചാരണം നടത്തും.

മുനമ്പം സമരസമിതി പ്രവർത്തകർ തൻ്റെ പ്രചാരണത്തിനായി വന്നത് ഒത്തിരി സന്തോഷം പകരുന്ന കാര്യമാണെന്നും പ്രതിഫലം ആഗ്രഹിച്ചല്ല താൻ മുനമ്പം ജനതക്കായി പ്രവർത്തിച്ചത്. എൻ്റെ ജീവിതത്തെ മാറ്റിമറിച്ച നാടാണ് മുനമ്പം. പാലാക്കും പൂഞ്ഞാറിനും ഒപ്പം എൻ്റെ പേരിനോട് എഴുതി ചേർക്കപ്പെട്ട സ്ഥലമാണ് മുനമ്പം. മുനമ്പം സമരസമിതി പ്രവർത്തകരെല്ലാവരെയും എനിക്ക് എൻ്റെ കുടുംബാഗങ്ങളെപ്പോലെ പരിചയമുണ്ട്. ഒരു വർഷത്തോളം ഈ സമരവുമായി ബന്ധപ്പെട്ട് താൻ അവിടെ ഉണ്ടായിരുന്നതായും ഷോൺ പറഞ്ഞു.

സമരസമിതി നേതാവ് ഫിലിപ്പ് ജോസഫ്, മുനമ്പം പഞ്ചായത്ത് അംഗം കുഞ്ഞുമോൻ എന്നിവരുടെ നേതൃത്വത്തിൽ തൊണ്ണൂറ് വയസുകാരിയായ മഹതിയമ്മയുൾപ്പെടെ ഇരുപത്തഞ്ച് പേരാണ് പാലായിൽ എത്തിയത്.
യുഡിഎഫും എൽഡിഎഫും ഞങ്ങളെ ഉപേക്ഷിച്ചപ്പോൾ നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട് എന്ന് പറഞ്ഞു കൊണ്ട് ഞങ്ങളെ സഹായിക്കാനായി മുന്നോട്ട് വന്ന വ്യക്തിയാണ് ഷോൺ ജോർജ് എന്ന് മുനമ്പം പഞ്ചായത്ത് അംഗം കുഞ്ഞുമോൻ പറഞ്ഞു.
കർഷക മോർച്ച സംസ്ഥാന പ്രസിഡൻ്റ് അഡ്വ: എസ് ജയസൂര്യൻ, ബിജെപി മണ്ഡലം പ്രസിഡൻ്റ് അഡ്വ: ജി അനീഷ്, ജില്ലാ കമ്മറ്റി അംഗം സതീഷ് തലപ്പലം എന്നിവർ ചേർന്നാണ് സംഘത്തെ സ്വീകരിച്ചത്.