Kerala

പട്ടാളക്കാരനാകാൻ കൊതിച്ച യുവാവിന്റെ മോഹം ആ മദ്യപ സംഘം തല്ലിക്കെടുത്തി :നാടിൻറെ വേദനയായി ഹരികൃഷ്ണൻ

കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട കുന്നത്തൂര്‍ സ്വദേശി ഹരികൃഷ്ണന്‍റെ വേര്‍പാട് ഒരു നാടിന്‍റെയാകെ ഉള്ളുലയ്ക്കുകയാണ്. രോഗബാധിതരായ അച്ഛനും അമ്മയും അടങ്ങിയ നിര്‍ധന കുടുംബത്തിന്‍റെ പ്രതീക്ഷയായിരുന്നു ഹരികൃഷ്ണന്‍. പട്ടാളക്കാരനായി നാടിനും കുടുംബത്തിനും കാവലാകാന്‍ കൊതിച്ച 18 കാരനെയാണ് മദ്യപസംഘം തല്ലിക്കൊന്നത്.

പൊതുദർശനത്തിന് ശേഷം ഹരികൃഷ്ണന്‍റെ സംസ്കാരം ഐവർകാലയിലെ വീട്ടുവളപ്പിൽ നടന്നു. പൊടിമോനെ എന്ന് വിളിച്ച് നെഞ്ച് പൊട്ടി കരയുന്ന അമ്മ രജനി. പാര്‍ക്കിന്‍സണ്‍സ് തളര്‍ത്തിയ ശരീരവുമായി കണ്ണീര് തോരാതെ അച്ഛന്‍ ജയസേനന്‍. ഐവര്‍കാലയെന്ന ഗ്രാമത്തിന് ഈ കാഴ്ച്ച കണ്ടു നില്‍ക്കാനാകുന്നില്ല.

ഹരികൃഷ്ണന്‍റെ വേര്‍പാട് ഒരു നാടിന്‍റെ തീരാനോവായി. ഞായറാഴ്ച മരുത്തടി ക്ഷേത്തിലെ ഉത്സവത്തിനിടെയാണ് ആറംഗ സംഘം ഹരികൃഷ്ണനെ തല്ലി ചതച്ചത്. തടയാന്‍ ചെന്ന സഹോദരന്‍ ജയകൃഷ്ണനും ബന്ധുവിനും മര്‍ദ്ദനമേറ്റു.

തടികൊണ്ട് തലയ്ക്ക് അടിയേറ്റ ഹരികൃഷ്ണന്‍ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. നരാധമന്‍മാര്‍ കെടുത്തിയത് ഒരു നിര്‍ധന കുടുംബത്തിന്‍റെ വിളക്കാണ്. കൂലിപ്പണിയെടുത്ത് പോളിടെക്നിക് പഠനത്തിനും മാതാപിതാക്കളുടെ ചികിത്സയ്ക്കും വഴി കണ്ടെത്തിയ ആണ്‍മക്കള്‍. അവരില്‍ ഇനി ഒരാള്‍ മാത്രം. 18കാരന്‍റെ ജീവനെടുത്ത 6 പേരും പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഒരാളും അറസ്റ്റിലായി. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top