Kerala

ഫെബ്രുവരി 19 മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

തിരുവനന്തപുരം: വേനൽ ചൂടിന് ആശ്വാസമേകാൻ വേനൽ മഴയെത്തുന്നു. ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായി രൂപപ്പെട്ട ന്യൂനമർദവും അറബിക്കടലിലെ ചക്രവാതച്ചുഴിയും കാരണം ഫെബ്രുവരി 19 മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഭൂമധ്യരേഖാ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തിനുമായി രൂപപ്പെട്ട ന്യൂനമർദം നിലവിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്നു.

ഈ ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുകയും ഫെബ്രുവരി 18-ഓടെ കൂടുതൽ ശക്തി പ്രാപിക്കുകയും ചെയ്യും.ഇതിനു പുറമെ തെക്കൻ കേരള തീരത്തോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.ഈ കാലാവസ്ഥാ പ്രതിഭാസങ്ങളുടെ ഫലമായി വരും ദിവസങ്ങളിൽ താഴെ പറയുന്ന ജില്ലകളിൽ നേരിയതോ ഇടത്തരമോ ആയ മഴ ലഭിച്ചേക്കാം.

ഫെബ്രുവരി 19 മുതൽ 21 വരെ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. ഫെബ്രുവരി 20, 21 തീയതികളിൽ: ഇടുക്കി.ന്യൂനമർദം ശക്തിപ്പെടുന്ന സാഹചര്യത്തിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. ന്യൂനമർദത്തിന്റെ സഞ്ചാരപഥം നിരീക്ഷിച്ചു വരികയാണെന്നും വരും ദിവസങ്ങളിൽ മഴയുടെ അളവിൽ മാറ്റമുണ്ടാകാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.വേനൽ മഴയ്ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top