ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ രോഗിയുടെ ബന്ധുക്കളെ അസഭ്യം പറഞ്ഞതായി പരാതി.രണ്ടാം വാർഡിൽ ചികിത്സയിലുള്ള രോഗിയുടെ മകളോടും കുഞ്ഞിനോടും ആണ് സെക്യൂരിറ്റി ജീവനക്കാരൻ അപമര്യാതയായി പെരുമാറി എന്ന് കാട്ടിയാണ് സൂപ്രണ്ടിന് പരാതി നൽകിയിരിക്കുന്നത്. ആയാപറമ്പ് സ്വദേശി ദീപിൻ ആണ് പരാതി നൽകിയിരിക്കുന്നത്.

അഡ്മിഷൻ കൗണ്ടറിന് സമീപമുള്ള ബെഞ്ചിൽ കുട്ടിയെ കിടത്തി ഉറക്കിയതിന് ബെന്നി എന്ന സെക്യൂരിറ്റി ജീവനക്കാരൻ അസഭ്യം പറഞ്ഞെന്നാണ് പരാതിയിൽ പറയുന്നത്. നേരത്തെ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചില സെക്യൂരിറ്റി ജീവനക്കാർ രോഗികളുടെ കൂട്ടിരിപ്പുകാരോട് അപമാര്യാദയായി പെരുമാറുന്നതായി പരാതി ഉയർന്നിരുന്നു.
മറ്റ് സെക്യൂരിറ്റി ജീവനക്കാരിൽ നിന്നും വ്യത്യസ്തമായി പോലീസിനോട് സാമ്യമായി നിൽക്കുന്ന യൂണിഫോം ആണ് ഇവിടെ ഉപയോഗിക്കുന്നത്. കൂടാതെ നെയിംബോർഡ് വെക്കാതെയാണ് പലരും ജോലി ചെയ്യുന്നത് എന്നും പരാതി ഉയർന്നിട്ടുണ്ട്.മറ്റു മെഡിക്കൽ കോളേജിലെ പോലെ ഇവർക്കും യൂണിഫോം നൽകാത്തതിനാൽ പലപ്പോഴും പോലീസുകാർക്കും പഴി കേൾക്കേണ്ടി വരുന്നുണ്ട്.