Kerala

കരൂർ പഞ്ചായത്ത് കേരളാ കോൺഗ്രസിന്റെ കോട്ടയാക്കി മാറ്റിയത് ഈ പഞ്ച പാണ്ഡവ സഖ്യം

പാലാ :ഈ വയസനാം കാലത്ത് ഞങ്ങളെ മനസമാധാനത്തോടെ മരിക്കാനും സമ്മതിക്കുകയില്ലേ ..? 1990  കൾ  വരെ കരൂർ പഞ്ചായത്തിൽ കെ എം മാണിക്ക് എതിരായി പ്രവർത്തിച്ചു വീട്ടിലെത്തുന്ന ചെറുപ്പക്കാരെ കാരണവന്മാർ എതിരേൽക്കുന്നത് ഇത്തരം ശാപ വാക്കുകൾ കൊണ്ടായിരുന്നു .കെ എം മാണിയെന്നാൽ കർത്താവിന്റെ പ്രതിരൂപമായായിരുന്നു കരണവന്മാരിൽ പലരും കണ്ടിരുന്നത് .

അക്കാലത്ത് അല്ലപ്പാറയിലെ ബോയ്സ് ടൗൺ പള്ളിയിൽ ഞായറാഴ്ച കുർബാനയ്ക്കു പോയിരുന്ന കാരണവന്മാർ കെ എം മാണിയുടെ ബോർഡ് തകർന്നു കിടക്കുന്നതു കണ്ടാൽ പ്രാകുമായിരുന്നു.ഓരോ തെരഞ്ഞെടുപ്പിലും മാണി ഗ്രൂപ്പുകാർ തന്നെ കെ എം മാണിയുടെ ബോർഡ് കീറി വയ്ക്കും.കളി കാണുവാൻ നല്ല ചേലാ ണല്ലോ.കീറിയ ബോർഡ് കാണുന്ന കാരണവന്മാർ തലയിൽ കൈവച്ച് പ്രാർത്ഥിക്കും ഇത് ചെയ്തവൻ ഇടിവെട്ടി പോകത്തെയുള്ളൂ;വേറെ ചിലർ പറയും ഇവന്മാർ വെള്ളമിറങ്ങി ചാകത്തില്ല.ഇതൊക്കെ കേൾക്കുമ്പോൾ മാണി ഗ്രൂപ്പുകാർ വയറു പൊത്തി  ചിരിക്കും.അസ്ഥിക്ക് പിടിച്ച മാണി ഭക്തിയായിരുന്നു അന്നൊക്കെ കരൂർ പഞ്ചായത്തിൽ.

പാലായിൽ കരൂർ പഞ്ചായത്ത് കെ എം മാണിയുടെ കോട്ടയാണെങ്കിലും അതിന്റെ റോം ആയിരുന്നു അല്ലപ്പാറ.അന്നൊക്കെ കുടക്കച്ചിറ ബാങ്ക് തെരഞ്ഞെടുപ്പും വലവൂർ ബാങ്ക് തെരഞ്ഞെടുപ്പും ഒക്കെ അമലോത്ഭവ മാതാവിന്റെ ജൂബിലി പെരുന്നാൾ കൂടുന്ന പോലെ ആയിരുന്നു അവർക്ക് .അതിനൊക്കെ ചുക്കാൻ പിടിച്ചിരുന്നത് പഞ്ച പാണ്ഡവ സഖ്യമായിരുന്നു.പൂവേലിക്കൽ മാമച്ചൻ;ജോസുകുട്ടി പൂവേലിൽ ;ആനിത്തോട്ടം തോമാച്ചൻ ;തടത്തിൽ കൊച്ച് (ജോസ് തടത്തിൽ) കുര്യാക്കോച്ചൻ കാപ്പിൽ (സിറിയക് കാപ്പിൽ)എന്നിവരായിരുന്നു ആ പഞ്ച പാണ്ഡവ സഖ്യം.ആ സഖ്യം ഒന്നിച്ചു നിന്നപ്പോൾ കേരളാ കോൺഗ്രസ് വടവൃക്ഷത്തെ പോലെ വളർന്നു .ആ സഖ്യത്തിൽ വിള്ളലുകൾ വീണപ്പോഴാണ് കേരളാ കോൺഗ്രസ് കിതയ്ക്കാൻ തുടങ്ങിയത് .

പണ്ടൊക്കെ നിയമ സഭാ തെരെഞ്ഞെടുപ്പ് വരുമ്പോൾ അല്ലപ്പാറയിൽ ഒരു ഉത്സവം തന്നെയായിരുന്നു .കരൂർ പഞ്ചായത്തിലെ ആദ്യ പ്രചാരണം അല്ലപ്പാറയിൽ നിന്നാണ് തുടങ്ങാറുള്ളത് .ചുവരെഴുത്തെല്ലാം ഉത്സവ പ്രതീതിയിലായിരുന്നു.ചുവരെഴുത്തിനു അനതാരികൾ ഒപ്പിക്കാൻ ഒരു വിങ്ങ് തന്നെയുണ്ടായിരുന്നു .സോമരസത്തോടൊപ്പം കഴിക്കാൻ ബോണ്ട വേണമായിരുന്നു .ജീപ്പിൽ അതിനായി അന്വേഷണം തുടങ്ങി ഒടുവിൽ കൂത്താട്ടുകുളത്ത് ചെന്നാണ് ബോണ്ടാ വാങ്ങി തിരിച്ചു വന്നത്.ഓപ്പറേഷൻ കൂത്താട്ടുകളം എന്നറിയപ്പെടുന്ന ആ കഥ പറയുമ്പോൾ പഞ്ച പാണ്ഡവ സഖ്യം ഇന്നും ചിരിക്കും .

പഞ്ച പാണ്ഡവ സഖ്യത്തിൽ നിന്നും കഴിഞ്ഞ ദിവസം വിടവാങ്ങിയ തടത്തിൽ കൊച്ച് കടുത്ത മാണി ഭക്തനായിരുന്നു.രാഷ്ട്രീയ തർക്കങ്ങളിൽ എന്നും രൂക്ഷമായി എതിരാളികളെ നേരിട്ടിരുന്നു .താൻ പിടിച്ച കെ എം മാണിയുടെ ഭാഗത്ത് ക്ഷീണമെന്നു തോന്നിയാൽ ഉടൻ തന്നെ സഭ ബഹിഷ്‌ക്കരിക്കുകയും ;ഏറെക്കാലം എതിരാളികളോട് മിണ്ടാതിരിക്കുകയും ചെയ്യും.ഇതിൽ പൂവേലിക്കൽ മാമച്ചൻ രാഷ്ട്രീയ തർക്കത്തിൽ തോറ്റാൽ പിറ്റേ ദിവസം മുതൽ എതിരാളികളെ കാണുമ്പോൾ നിലത്ത് കാർക്കിച്ചു തുപ്പുകയും ;നിലത്ത് ശക്തിയായി ചവുട്ടുകയും;പച്ചില കീറി ശക്തിയോടെ വലിച്ചെറിഞ്ഞും  ഒക്കെ ചെയ്ത് തന്റെ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു.

അക്കാലത്ത് മാക്സിസ്റ്റ്കാരെ മാണി ഗ്രൂപ്പുകാർ മാക്രികൾ എന്നാണ് വിളിച്ചു കൊണ്ടിരുന്നത്.അല്ലപ്പാറയിൽ മാക്രികൾ അധികം കളിക്കേണ്ട എന്നൊക്കെ പഞ്ച പാണ്ഡവ സഖ്യം കൂടെ കൂടെ പറയുമായിരുന്നു .അടിച്ചു നീളൻ വലിക്കും ;കൊത്തിയരിഞ്ഞ് കോഴിക്കിട്ടു കൊടുക്കും എന്നൊക്കെ അവർ ഭീഷണി മുഴക്കിയപ്പോൾ സിപിഎം അനുഭാവിയായ ഓമ്പള്ളി ചാമ്പച്ചൻ ചോദിച്ചു ബസ്സുകാർ അടിമാലി എന്നെഴുതിയപ്പോൾ അടി എന്ന് ആദ്യം എഴുതിയത് കണ്ട് ഓടി വീട്ടിൽ കയറിയവരല്ലേ നിങ്ങൾ എന്നൊക്കെയായിരുന്നു അല്ലപ്പാറയിലെ വാദപ്രതിവാദങ്ങൾ .

1987 ലെ നായനാർ സർക്കാരിന്റെ കാലത്ത് പഞ്ചായത്ത് തെരെഞ്ഞെടുപ്പ് വന്നപ്പോൾ പഞ്ച പാണ്ഡവ സഖ്യം തങ്ങളുടെ സഖ്യത്തിലെ തടത്തിൽ കൊച്ചിനെ വിമത സ്ഥാനാർത്ഥിയാക്കി കേരളാ കോൺഗ്രസിനെ വെല്ലുവിളിച്ചു .അതോടെ പഞ്ച പാണ്ഡവ സഖ്യത്തിലും വിള്ളലുകൾ വീണു.ഇതിൽ ജോസുകുട്ടി പൂവേലി പാലായിൽ പോയി ബ്ലൂമൂൺ  ബന്ധം സ്ഥാപിച്ചതിനാൽ അദ്ദേഹം പാർട്ടി ലൈനിൽ ആയിരുന്നു .ഇത് ബാക്കി നാലുപേർക്കും പിടിച്ചില്ല .അവസാനം തടത്തിൽ കൊച്ചിന്റെ ഭാര്യ ആനിയമ്മയ്ക്കു വലവൂർ ബാങ്കിൽ ഒരു സീറ്റ് നൽകാമെന്നുള്ള വ്യവസ്ഥയിലാണ് റിബലായി വന്ന ജോസ് തടത്തിൽ വിമത വേഷം അഴിച്ചു വച്ചത് . .അതോടെ ഒരു പുത്തൻ താരോദയവുമുണ്ടായി .ആനിയമ്മ ജോസ് തടത്തിൽ.അവർ വളർന്നു ളാലം ബ്ലോക്ക് പ്രസിഡണ്ട് വരെയായി പരിലസിച്ചു.ആനിയമ്മക്ക്  ഇടക്കാലത്ത് വന്ന കോട്ടത്തിന്റെ പിറകിലും  ഈ പഞ്ചവ പാണ്ഡവ സഖ്യത്തിലെ ചിലരായിരുന്നെന്നുള്ളത് പകൽ പോലെ വ്യക്തമായിരുന്നു .

1985 ലെ പ്രതിച്ഛായാ ചർച്ച കാലത്ത് പാലായിലൂടെ  കോൺഗ്രസിനെതിരെ മുദ്രാവാക്യം വിളിച്ചു നീങ്ങിയ മാണി ഗ്രൂപ്പ് പ്രകടനത്തിൽ അല്ലപ്പാറക്കാരും ഉണ്ടായിരുന്നു .അതിൽ തന്നെ മുന്നിൽ പഞ്ച പാണ്ഡവ സഖ്യവും ഉണ്ടായിരുന്നു .

പി ജെ ജോസഫിന് പണിപോയാൽ 
തൊടുപുഴയിലെ വാധ്യാര് 
കെ എം മാണിക്ക് പണി പോയാൽ 
സുപ്രീം കോടതി വക്കീല് 
ഉമ്മൻ ചാണ്ടിക്ക് പണി പോയാൽ 
പുതുപ്പള്ളി പള്ളീലെ കോഴിവെട്ട് 
കള്ള കരുണന് പണി പോയാൽ 
മാളേൽ അമ്പലത്തിൽ ചെണ്ട കൊട്ട് 
ചെണ്ട കൊട്ടെടാ മാരാരെ

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top