

ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ പ്രോട്ടോകോൾ സ്ഥാനം എവിടെ? അവഗണനയ്ക്കെതിരെ കളക്ടർക്ക് പരാത
പാലാ: നെല്ലിയാനി സിവിൽ സ്റ്റേഷൻ അനക്സ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും ജില്ലാ പഞ്ചായത്ത് അംഗങ്ങളെ ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധം. ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ ഔദ്യോഗിക പ്രോട്ടോകോൾ സ്ഥാനം വ്യക്തമാക്കണമെന്നും അർഹമായ പരിഗണന ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മീനച്ചിൽ താലൂക്കിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ജില്ലാ കളക്ടറെ നേരിൽ കണ്ട് പരാതി ഉന്നയിച്ചു.

ഉദ്ഘാടന ചടങ്ങിന്റെ ഔദ്യോഗിക നോട്ടീസിൽ താലൂക്കിലെ മുഴുവൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെയും ഉൾപ്പെടുത്തി പരിപാടിയുടെ ഭാഗമാക്കിയപ്പോൾ ജില്ലാ പഞ്ചായത്ത് അംഗങ്ങളെ പൂർണമായും ഒഴിവാക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്.
നെല്ലിയാനി പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ജില്ലാ പഞ്ചായത്ത് അംഗം നിമ്മി ടിങ്കിൾ രാജിന്റെ പേര് ഉദ്ഘാടന ശിലാഫലകത്തിൽ പോലും ഉൾപ്പെടുത്താത്തതും പ്രതിഷേധത്തിന് ആക്കം കൂട്ടി. ജനങ്ങൾ തിരഞ്ഞെടുത്ത ജില്ലാ പഞ്ചായത്ത് അംഗങ്ങളെ ഇത്തരത്തിൽ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് ബോധപൂർവമായ ഒഴിവാക്കലാണെന്നും അംഗങ്ങൾ ആരോപിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, യു.ഡി.എഫ് അംഗങ്ങളായ ജോസ്മോൻ മുണ്ടയ്ക്കൽ, ആർ. ശ്രീകല, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും കേരള കോൺഗ്രസ് (എം) അംഗവുമായ പെണ്ണമ്മ ജോസഫ് എന്നിവരാണ് നെല്ലിയാനിയിലെത്തിയ ജില്ലാ കളക്ടറെ നേരിൽ കണ്ട് പ്രതിഷേധവും പരാതിയും അറിയിച്ചത്.
പഞ്ചായത്ത് അംഗങ്ങളുടെ ശക്തമായ ഇടപെടലിനെ തുടർന്ന് അംഗങ്ങളെ ഉൾപ്പെടുത്തി പുതിയ ഉദ്ഘാടന നോട്ടീസ് പ്രസിദ്ധീകരിക്കാനും ഔദ്യോഗികമായി ക്ഷണിക്കാനും തീരുമാനമായി.
എന്നാൽ നെല്ലിയാനി പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ജില്ലാ പഞ്ചായത്ത് അംഗം നിമ്മി ടിങ്കിൾ രാജിന്റെ പേര് ഉദ്ഘാടന ശിലാഫലകത്തിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
ജനങ്ങൾ തിരഞ്ഞെടുത്ത ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്ക് ഔദ്യോഗിക ചടങ്ങുകളിൽ അർഹമായ പ്രോട്ടോകോൾ പരിഗണനയും അംഗീകാരവും ലഭിക്കേണ്ടത് അനിവാര്യമാണ്. ജനപ്രതിനിധികളുടെ സ്ഥാനവും ഉത്തരവാദിത്വവും മാനിച്ചുകൊണ്ട് എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം സ്വീകരിക്കണമെന്നും ഭാവിയിൽ ഇത്തരം ഒഴിവാക്കലുകൾ ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും പെണ്ണമ്മ ജോസഫ് അഭിപ്രായപ്പെട്ടു.
ജനാധിപത്യ സംവിധാനത്തിൽ ഓരോ ജനപ്രതിനിധിയുടെയും സ്ഥാനവും പ്രാധാന്യവും അംഗീകരിക്കപ്പെടണമെന്നും ഔദ്യോഗിക ചടങ്ങുകളിൽ അർഹമായ പരിഗണന ഉറപ്പാക്കണമെന്നും എൻ ആവശ്യപ്പെട്ടു. ഇതിനിടെ മീനച്ചിൽ താലൂക്കിലെ മറ്റൊരു എം എൽ എ ആയ സെബാസ്റ്റ്യൻ എം ജെ യെ ചടങ്ങിൽ ക്ഷണിച്ചിട്ടില്ലെന്ന് കോൺഗ്രസിലെ തന്നെ ഒരു വിഭാഗം ആരോപണം ഉന്നയിച്ചിട്ടുണ്ട്
