Kerala

ടൂവീലർ വർക്ക്‌ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ പണിക്കായി നിർത്തിയിട്ടിരുന്ന ആറ് വാഹനങ്ങൾ കത്തിനശിച്ചു

മലപ്പുറം: ചട്ടിപ്പറമ്പ്–മലപ്പുറം റോഡിൽ പ്രവർത്തിക്കുന്ന ടൂവീലർ വർക്ക്‌ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ പണിക്കായി നിർത്തിയിട്ടിരുന്ന ആറ് വാഹനങ്ങൾ കത്തിനശിച്ചു. മൂന്ന് ബുള്ളറ്റ് മോട്ടോർസൈക്കിളുകളും രണ്ട് മോട്ടോർസൈക്കിളുകളും ഒരു സ്കൂട്ടറുമാണ് പൂർണമായും കത്തിനശിച്ചത്. ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വർക്ക്‌ഷോപ്പ് ഉടമ കൊളത്തൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.പാങ്ങ് അയ്യാത്തപറമ്പ് പറകുത്ത് വീട്ടിൽ ശ്രീരാഗും സുഹൃത്തും ചേർന്ന് നടത്തുന്ന വിൽസ് ഓട്ടോമൊബൈൽസ് എന്ന സ്ഥാപനത്തിലാണ് തിങ്കളാഴ്ച പുലർച്ചെ തീപിടിത്തമുണ്ടായത്.

അറ്റകുറ്റപ്പണികൾക്കായി വർക്ക്‌ഷോപ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് തീപിടിത്തത്തിൽ കത്തിനശിച്ചത്.വർക്ക്‌ഷോപ്പിലെ കസ്റ്റമറായ മുഹമ്മദ് റിജിൽ എന്ന ബാവയോടുള്ള വിരോധത്തെ തുടർന്ന് അദ്ദേഹത്തിന്റെ വാഹനമാണെന്ന് കരുതി മുൻ ജീവനക്കാരനായ അമ്മിണിക്കാട്ടെ ബഷീർ പണിക്കായി നിർത്തിയിരുന്ന ബുള്ളറ്റ് ബൈക്കിന് തീയിട്ടതായാണ് പരാതിയിൽ പറയുന്നത്.ബൈക്കിൽ പടർന്ന തീ പിന്നീട് വർക്ക്‌ഷോപ്പിലേക്കും സമീപത്തെ കെട്ടിടത്തിലേക്കും വ്യാപിക്കുകയായിരുന്നു. തീപിടിത്തത്തിൽ വർക്ക്‌ഷോപ്പിലെ മൂന്ന് മുറികളിലെ വയറിങ്ങും ബൾബുകളും ഉൾപ്പെടെയുള്ളവ കത്തിനശിച്ചു.

ഷെഡിന്റെ ഷീറ്റുകൾക്കും കേടുപാടുകൾ സംഭവിച്ചു.തീ സമീപത്തെ സ്ഥാപനങ്ങളിലേക്കും പടർന്നതോടെ അവിടെയും നാശനഷ്ടമുണ്ടായി. വർക്ക്‌ഷോപ്പിന് സമീപം മലഞ്ചരക്ക് വ്യാപാരം നടത്തുന്ന യൂസഫ് തറയിലിന്റെ മുറിയിലേക്കും തീ പടർന്നു. മുറിയിലെ സീലിങ്, വയറിങ്, രണ്ട് സിസിടിവി ക്യാമറകൾ എന്നിവ കത്തിനശിച്ചതായാണ് വിവരം.സംഭവത്തിൽ വർക്ക്‌ഷോപ്പിലും സമീപത്തെ കെട്ടിടങ്ങളിലും വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായത്. സംഭവത്തിൽ കൊളത്തൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top