കാസർകോട്: അതിഥി തൊഴിലാളിക്ക് കളഞ്ഞുകിട്ടി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച മൊബൈൽ ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് മറിച്ചുവിറ്റു.കാസർകോട് ചന്തേര സ്റ്റേഷനിലാണ് സംഭവം. ഫോൺ മോഷ്ടിച്ച് മറിച്ചുവിറ്റ സിപിഒ ബൈജുവിനെതിരേ പൊലീസ് കേസെടുത്തു.

ഒക്ടോബർ എട്ടിനാണ് സ്റ്റേഷന് സമീപത്തെ വഴിയിൽനിന്ന് കളഞ്ഞുകിട്ടിയ പതിനായിരം രൂപയോളം വിലവരുന്ന മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചത്. തുടർന്ന് പാറാവ് ബുക്കിൽ രേഖപ്പെടുത്തി ഫോൺ സ്റ്റേഷനിൽ സൂക്ഷിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മൊബൈൽഫോൺ പയ്യന്നൂർ രാമന്തളി സ്വദേശിനിയുടേതാണെന്ന് വ്യക്തമായി.

ഇവരെ വിവരമറിയിച്ചു. അടുത്തദിവസം തന്നെ സ്റ്റേഷനിലെത്തി ഫോൺ കൈപ്പറ്റാമെന്ന് ഇവർ പറഞ്ഞു. തുടർന്ന് ഒരാഴ്ചയ്ക്ക് ശേഷം ഇവരുടെ മകൻ ഫോൺ വാങ്ങാനായി സ്റ്റേഷനിലെത്തി. ഈ സമയത്താണ് മേശയിൽ സൂക്ഷിച്ചിരുന്ന ഫോൺ നഷ്ടമായ വിവരം പുറത്തറിയുന്നത്. ഇതോടെ ഫോൺ കണ്ടെത്തി അറിയിക്കാമെന്ന് പറഞ്ഞ് പയ്യന്നൂർ സ്വദേശിനിയുടെ മകനെ തിരിച്ചയക്കുകയായിരുന്നു.