Kerala
അധ്യക്ഷ നിയമനം: യൂത്ത് കോണ്‍ഗ്രസില്‍ ഭിന്നത പുകയുന്നു; ബിനു ചുളളിയിലിനെ പരിഗണിക്കരുതെന്ന് ഐ ഗ്രൂപ്പ്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് സംഘടനയ്ക്കുളളില്‍ ഭിന്നത പുകയുന്നു. ബിനു ചുളളിയിലിനെ അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കരുതെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം.
സംഘടനാ തെരഞ്ഞെടുപ്പില്‍ രണ്ടാമത് എത്തിയ അബിന്‍ വര്‍ക്കിയെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാക്കണമെന്നാണ് ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. അബിന്‍ വര്‍ക്കിയെ പിന്തുണച്ച് സംസ്ഥാന സെക്രട്ടരിമാരായ ടി എം മനേഷ്, ഷഹനാസ് സലാം, എം പി സുബ്രമണ്യന്‍ എന്നിവര്‍ രംഗത്തെത്തി. അബിന്‍ വര്‍ക്കിക്കു പുറമേ ഒ ജെ ജനീഷ്, കെ എം അഭിജിത്, ബിനു ചുളളിയില്‍ എന്നിവരെയാണ് സംഘടനാ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഗ്രൂപ്പ് നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. ഡിസിസി ഭാരവാഹികളും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജില്ലാ നേതാക്കളും യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം.
ലൈംഗിക അതിക്രമ പരാതികൾ ഉയർന്നതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ അധ്യക്ഷ പദവി ഒഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാൻ ദേശീയ നേതൃത്വത്തിനായിട്ടില്ല. കഴിഞ്ഞ മാസം 21-നാണ് രാഹുൽ അധ്യക്ഷ സ്ഥാനം രാജിവെച്ചത്.