Kottayam
സേവ്യർ ബോർഡ് ഓഫ് ഹയർ എഡ്യൂക്കേഷൻ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും വാർഷിക പൊതുയോഗവും നവംബർ 6 മുതൽ പാലായിൽ
സേവ്യർ ബോർഡ് ഓഫ് ഹയർ എഡ്യൂക്കേഷൻ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും വാർഷിക പൊതുയോഗവും നവംബർ 6 മുതൽ പാലായി
പാലാ: ഇന്ത്യയിലെ കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ സേവ്യർ ബോർഡ് ഓഫ് ഹയർ എഡ്യൂക്കേഷൻ ഇൻ ഇന്ത്യയുടെ (XBHEI) പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും 2026ലെ വാർഷിക പൊതുയോഗവും നവംബർ 6, 7, 8 തീയതികളിലായി പാലാ സെന്റ് ജോസഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ (SJCET) വെച്ച് നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരും രാജ്യത്തെ വിവിധ കോളേജുകളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
നവംബർ 6 (വെള്ളി): ഉദ്ഘാടന സമ്മേളനം
നവംബർ 6-ന് രാവിലെ എക്സിക്യൂട്ടീവ് ബോർഡ് യോഗത്തോടെ പരിപാടികൾക്ക് തുടക്കമാകും. ഉച്ചകഴിഞ്ഞ് 2 മണിക്ക് സി.ബി.സി.ഐ (CBCI) പ്രസിഡന്റും ഹൈദരാബാദ് ആർച്ച് ബിഷപ്പുമായ കർദിനാൾ ആന്റണി പൂളയുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി നടക്കും.
തുടർന്ന് വൈകുന്നേരം 4 മണിക്ക് സെന്റ് ഫ്രാൻസിസ് ഹാളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കർദിനാൾ ആന്റണി പൂള, കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. റോജി എം. ജോൺ എന്നിവർ മുഖ്യാതിഥികളായിരിക്കും. സേവ്യർ ബോർഡ് പ്രസിഡന്റ് ഡോ. ഫാ. പ്രവീൺ മാർട്ടിസ് എസ്.ജെ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നാഗ്പൂർ ആർച്ച് ബിഷപ്പും സി.ബി.സി.ഐ വിദ്യാഭ്യാസ-സാംസ്കാരിക സമിതി ചെയർമാനുമായ ഏലിയാസ് ഗോൺസാൽവസ് അനുഗ്രഹ പ്രഭാഷണം നടത്തും. പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ജൂബിലി സന്ദേശം നൽകും. പ്ലാറ്റിനം ജൂബിലി സുവനീർ, സേവ്യർ ബോർഡിന്റെ ചരിത്രം വ്യക്തമാക്കുന്ന പുസ്തകം എന്നിവയുടെ പ്രകാശനവും മുൻ ഭാരവാഹികളെ ആദരിക്കുന്ന ചടങ്ങും യോഗത്തിൽ നടക്കും. പാലാ രൂപത മുഖ്യ വികാരി ജനറാളും കോളേജ് ചെയർമാനുമായ മോൺ. ഡോ. ജോസഫ് തടത്തിൽ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കും.സേവ്യർ ബോർഡ് വൈസ് പ്രസിഡന്റ് ഡോ. സി. പേൾ ഡിസൂസ കൃതജ്ഞത അർപ്പിക്കും.
നവംബർ 7 (ശനി): വിദ്യാഭ്യാസ സെമിനാറുകൾ
രണ്ടാം ദിനമായ ശനിയാഴ്ച രാവിലെ ഭരണങ്ങാനം സെന്റ് അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെടും.
തുടർന്ന് സെന്റ് ഫ്രാൻസിസ് ഹാളിൽ നടക്കുന്ന അക്കാദമിക് സെഷനുകളിൽ ഡോ. എ.പി.ജെ അബ്ദുൾ കലാം സെന്റർ സ്ഥാപകനും ഹോമി ലാബ് സി.ഇ.ഒയുമായ ശ്രീ. ശ്രിജൻ പാൽ സിംഗ് ‘ഇന്ത്യ@2047 ഉന്നതവിദ്യാഭ്യാസ മേഖലയുടെ പുനരാവിഷ്കാരം’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും.
തുടർന്ന് നടക്കുന്ന വിവിധ സെഷനുകളിൽ ശ്രീ. എ.എച്ച് സാഗർ (ക്വാണ്ടം യുഗത്തിലേക്ക് നയിക്കുന്നതിനുള്ള ഫ്രോനെസിസ്, വിമർശനാത്മക ചിന്ത, നിർമ്മിത ബുദ്ധി (AI), അദ്ധ്യാപന/പഠന രീതിശാസ്ത്രങ്ങൾ), ക്രൈസ്റ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ഫാ. തോമസ് സി. മാത്യു (സേവ്യർ ബോർഡിന്റെയും അംഗസ്ഥാപനങ്ങളുടെയും ഭാവി കർമ്മപദ്ധതികളെക്കുറിച്ച്), കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ ടി.കെ ജോസ് ഐ.എ.എസ് (യുവജനങ്ങളിലെ സംരംഭകത്വവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കും) എന്നിവർ പ്രഭാഷണങ്ങൾ നടത്തും. ഡോ. ഫാ. റോഷൻ പെരേര, ഡോ. ഫാ. കെ എസ് കാസിമിർ എസ് ജെ, ഡോ. സി. മേരി ഫാബിയോള എന്നിവർ മോഡറേറ്റർമാർ ആകും. വൈകുന്നേരം ക്യാമ്പസ് സന്ദർശനവും പാലാ സെന്റ് ജോസഫ്സ് എഞ്ചിനിയറിംഗ് & ടെക്നോളജി, പാലാ സെന്റ് തോമസ്, പാലാ അൽഫോൻസാ എന്നീ കോളേജുകളിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും (Cultural Fiesta) ഉണ്ടായിരിക്കും.
നവംബർ 8 (ഞായർ): വാർഷിക പൊതുയോഗം
ഞായറാഴ്ച രാവിലെ ആർച്ച് ബിഷപ്പ് ഏലിയാസ് ഗോൺസാൽവസിന്റെ മുഖ്യകാർമികത്വത്തിലുള്ള ദിവ്യബലിക്ക് ശേഷം സേവ്യർ ബോർഡിന്റെ വാർഷിക പൊതുയോഗം (AGM) ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തോടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തിരശ്ശീല വീഴും. വാർത്താ സമ്മേളനത്തിൽ സേവ്യർ ബോർഡ് ഓഫ് ഹയർ എഡ്യൂക്കേഷൻ ഇന്ത്യ പ്രസിഡന്റ് ഡോ.ഫാ. പ്രവീൺ മാർട്ടിസ് എസ ജെ, വൈസ് പ്രസിഡന്റ് ഡോ. സി. പേൾ ഡിസൂസ, സെക്രട്ടറി ജനറൽ ഡോ. സി. ദീപ്തി, ജോയിന്റ് സെക്രട്ടറിയും എസ് ജെ സി ഇ ടി ഡയറക്ടറുമായ റവ. പ്രൊഫ. ഡോ. ജെയിംസ് ജോൺ മംഗലത്ത്, പ്രോഗ്രാം കോർഡിനേറ്റർ ഡോ. രാജേഷ് ബേബി, കോളേജ് പി ആർ ഓ ഡോ. നേവി ജോർജ് എന്നിവർ പങ്കെടുത്തു.