Kerala
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അർഹമായ സഹായം കേന്ദ്രം അനുവദിക്കണം: മുഖ്യമന്ത്രി
കേരളത്തോടുള്ള അനീതിയും അവഗണയും അവസാനിപ്പിച്ച് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അർഹമായ സഹായം അനുവദിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മേപ്പാടിയിൽ ദുരന്തം ഉണ്ടായത് 2024 ജൂലായ് 30ന് ആണ്. പത്തു ദിവസത്തിനകം കേന്ദ്ര സംഘം ദുരന്തം വിലയിരുത്തുന്നതിന് വന്നു. തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി നേരിട്ടെത്തിയിരുന്നു. ഒരുവർഷവും രണ്ടു മാസവും കഴിഞ്ഞു. പ്രാഥമിക വിലയിരുത്തൽ നടത്തി 1202.12 കോടി രൂപയുടെ അടിയന്തിര സഹായം കേരളം അഭ്യർഥിച്ചിരുന്നു. എന്നാല്‍ അടിയന്തിര സഹായം പോലും അനുവദിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദുരന്ത ബാധിതരുടെ വായ്പ എഴുതി തളളാൻ അഭ്യർഥിച്ചിട്ടും ഇത് വരെ ഒരു നടപടിയും കേന്ദ്രം സ്വീകരിച്ചില്ല. അതോടൊപ്പം വായ്പ എഴുതിത്തള്ളാൻ സഹായകമാവുന്ന ദേശീയ ദുരന്ത നിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പ് ഒഴിവാക്കുകയും ചെയ്തു.
ദേശീയ ദുരന്ത ഭേദഗതി ചൂണ്ടിക്കാട്ടി മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ നിയമം അനുവദിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ രേഖാമൂലം അറിയിക്കുന്ന നിലയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു.