Kerala
ശബ്ദരേഖ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം; ശരത്തിനോട് വിശദീകരണം തേടി സിപിഐഎം
തൃശ്ശൂരിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പുറത്തുവന്ന ശബ്ദരേഖയില്‍ ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറി ശരത്പ്രസാദിനോട് വിശദീകരണം തേടി പാര്‍ട്ടി. മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ശരത്തിനെതിരെ നടപടിയെടുത്ത് മുഖം രക്ഷിക്കാനാണ് സിപിഐഎം ശ്രമം. ശബ്ദരേഖയിലെ ആരോപണങ്ങള്‍ എസി മൊയ്തീന്‍ തള്ളി. സിപിഎം നേതാക്കളുടെ അഴിമതിയില്‍ സംസ്ഥാന സെക്രട്ടറി മറുപടി പറയണമെന്നാണ് കോണ്‍ഗ്രസ് നിലപാട്.
സിപിഐഎം നേതാക്കള്‍ രാഷ്ട്രീയത്തിലൂടെ ധനസമ്പാദനം നടത്തിയവരെന്ന് സമ്മതിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ശരത് പ്രസാദ് ജില്ലാകമ്മിറ്റി അംഗം നിബിന്‍ ശ്രീനിവാസനോട് സംസാരിക്കുന്ന സംഭാഷണമാണ് പുറത്തുവന്നത്.
കപ്പലണ്ടി വിറ്റ് നടന്ന എം.കെ. കണ്ണന്‍ കോടിപതിയാണന്നും എ.സി. മൊയ്തീന്റെ ഡീലിങ്‌സ് ടോപ്പ് ക്ലാസുമായെന്നും ശരത് സംഭാഷണത്തില്‍ പറയുന്നു.