Kerala

സർക്കാരിന്റെ നേട്ടങ്ങൾ അഴിമതിയും ആകാശയാത്രയും: എ വിജയരാഘവൻ

Posted on

പാലാ:അഴിമതിയും ആകാശയാത്രയുമാണ് യുഡിഎഫ് സർക്കാരിന്റെ ഇതുവരെയുള്ള നേട്ടങ്ങളെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. സിപിഐ എം വിപുലീകൃത കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിക്ക് വേണ്ടിയാണ് എല്ലാ രംഗത്തും സ്വകാര്യവൽക്കരണം നടത്തുന്നത്. വിഴിഞ്ഞത്ത് അദാനിക്ക് സഹായകരമായ രീതിയിൽ ഓഹരി നൽകുന്നു. സർക്കാർ ആശുപത്രിയിൽ വരുന്ന രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് അയയ്‌ക്കുമെന്ന് ആരോഗ്യമന്ത്രി പറയുന്നു. മുഖ്യമന്ത്രി സഞ്ചരിക്കുന്നത് സ്പെഷൽ ഹെലികോപ്ടറിൽ. നാടിന്റെ പുരോഗതിയല്ല, സ്വന്തം പുരോഗതിയാണ് മുഖ്യമന്ത്രിക്ക് പ്രധാനം.

കേന്ദ്രനയങ്ങൾ നടപ്പാക്കുമെന്നാണ് വി ഡി സതീശൻ പറയുന്നത്. കേന്ദ്രത്തിന്റെ വർഗീയത ഇവിടെ നടപ്പാക്കില്ലെന്ന് പറഞ്ഞവരാണ് എൽഡിഎഫ്‌ . വർഗീയതയ്‌ക്കെതിരെയും കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെയും പോരാടിയ കേരളമാണ് മുമ്പുണ്ടായിരുന്നത്. ഇന്ന് കീഴടങ്ങിയ കേരളമാണുള്ളത്.
വന്ദേമാതരം എങ്ങനെ പാടണമെന്ന് 1937ൽ ദേശീയ പ്രസ്ഥാനം തീരുമാനിച്ചിരുന്നു.

അതിനെയും തകർത്താണ് വി ഡി സതീശൻ ബിജെപിയുടെ മുന്നിൽ കേരളത്തിന്റെ അഭിമാനം അടിയറവച്ചത്. ആർഎസ്എസ് പിന്തുണയോടെ ജയിച്ചതിന്റെ നന്ദിപ്രകടനമാണ് സതീശൻ കാണിക്കുന്നത്. എല്ലാ മേഖലയിലും ആർഎസ്എസിന് വഴിവെട്ടുന്നു. സിപിഐ എം അതിനെ ശക്തമായി ചെറുക്കും.

തെരഞ്ഞെടുപ്പിൽ തോറ്റതുകൊണ്ട് അടിച്ചമർത്തിക്കളയാമെന്ന് യുഡിഎഫ് കരുതരുത്. ഇടതുപക്ഷത്തിന്റെ വേരുകൾ ശക്തമാണ്. അത് സാമൂഹ്യ നവോത്ഥാനകാലത്ത് തുടങ്ങിയതാണ്. കമ്യൂണിസ്റ്റ് പാർടി പോരാടിയുണ്ടാക്കിയ നേട്ടങ്ങൾ വഴിയിൽ കളയാനുള്ളതല്ല. അക്രമം നടത്താൻ സംസ്ഥാനത്തിന്റെ മന്ത്രി മുന്നിൽ നിൽക്കുന്നത് കേരളം കണ്ടു. അടിച്ചമർത്തലിലൂടെ പ്രതിഷേധങ്ങളെ ഇല്ലാതാക്കാമെന്ന് കരുതണ്ട. സതീശന്റെ ഭരണം കോൺഗ്രസിന് പോലും അംഗീകരിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും വിജയരാഘവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version