Kerala
വെള്ളൂർ KPPL ലെ കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ തീരുമാനം
തിരുവനന്തപുരം: കേന്ദ്രസർക്കാർ കൈയൊഴിഞ്ഞതിനെത്തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ച വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് (എച്ച്എൻഎൽ) സംസ്ഥാനം ഏറ്റെടുത്ത് പുതുതായി രൂപം നൽകിയ കെപിപിഎലിലെ എല്ലാ കരാർ തൊഴിലാളികളെയും സ്ഥിരപ്പെടുത്താൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
181 കരാർ ജീവനക്കാർക്കാണ് കെപിപിഎലിൽ സ്ഥിരനിയമനം നൽകിയത്.എച്ച്എൻഎലിൽ ജോലി ചെയ്തുവരവേ കേന്ദ്ര സർക്കാർ സ്ഥാപനം അടച്ചുപൂട്ടിയതിനെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്കാണ് സംസ്ഥാന സർക്കാർ പുനർനിയമനം നൽകിയത്.
ദേശീയ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകരിച്ച റസലൂഷൻ പ്ലാൻ പ്രകാരം തൊഴിലാളികൾക്കുള്ള സാമ്പത്തിക ബാധ്യതകൾ ഉൾപ്പെടെ ഒടുക്കിയാണ് സംസ്ഥാന സർക്കാർ എച്ച്എൻഎൽ ഏറ്റെടുത്തിരുന്നത്.
സംസ്ഥാന സർക്കാർ ഏറ്റെടുത്ത ശേഷം വിറ്റുവരവ് ക്രമാനുഗതമായി വർധിപ്പിക്കാൻ കെപിപിഎലിനു കഴിഞ്ഞതായി വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. 2025-2026 സാമ്പത്തിക വർഷം ഇതുവരെ 85 കോടി രൂപയുടെ വിറ്റുവരവ് നേടാൻ കമ്പനിക്കായി.