Kerala
ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ; വീണാ ജോർജിനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ പിന്തുണച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആര് ചത്താലും ജനിച്ചാലുമെല്ലാം ആരോഗ്യമന്ത്രിയുടെ തലയിലാണ്. യഥാർത്ഥ പ്രതികളെ ശിക്ഷിക്കുകയാണ് വേണ്ടത്. മന്ത്രിയെ കൊല്ലാൻ വാളുമായി ഇറങ്ങുന്നത് മര്യാദയാണോയെന്നും വെള്ളാപ്പള്ളി ചോദിക്കുന്നു. മന്ത്രിക്കെതിരെ വ്യക്തിഹത്യ നടത്തുന്നത് പാതകമാണെന്നും രാഷ്ട്രീയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സർക്കാർ ആശുപത്രികളിലേത് ഉൾപ്പെടെ സംസ്ഥാനത്തെ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യുന്ന ചികിത്സാപിഴവുകൾക്ക് പിന്നാലെ ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി യൂത്ത്കോൺഗ്രസ് ഉൾപ്പെടെ നിരവധി പ്രതിഷേധങ്ങളാണ് നടത്തുന്നത്. ഇതിന് പിന്നാലെയാണ് പരസ്യപിന്തുണയുമായി വെള്ളാപ്പള്ളി തന്നെ രംഗത്തെത്തിയത്. ആരോഗ്യമന്ത്രിക്കെതിരെ ഉണ്ടാകുന്ന വ്യക്തിഹത്യ തെരഞ്ഞെടുപ്പ് ഉൾപ്പെടെ മുൻകൂട്ടി കണ്ടുകൊണ്ടാണെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നുണ്ട്. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന നിലയിലാണ് ആരോഗ്യമന്ത്രിയോടുള്ള പ്രതിപക്ഷത്തിന്റെയും യൂത്ത്കോൺഗ്രസ് പോലുള്ള സംഘടനകളുടെയും സമീപനമെന്നും വീണാ ജോർജിനെ പിന്തുണച്ചു കൊണ്ട് വെള്ളാപ്പള്ളി പറയുന്നു.