Kerala
വീണാ ജോർജ്ജിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടെന്ന് ഭർത്താവ്
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടെന്ന ആവശ്യം ഭർത്താവ് ജോർജ് ജോസഫ് സി.പി.എം. നേതൃത്വത്തെ അറിയിച്ചതായി റിപ്പോർട്ട്. വിഷയം തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ച ചെയ്തു എന്നും റിപ്പോർട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റംഗവും കേന്ദ്രകമ്മിറ്റിയംഗവുമായ തോമസ് ഐസക് ഇത് സംസ്ഥാനനേതൃത്വത്തെ അറിയിക്കും. വീണാ ജോർജ് സംസ്ഥാനകമ്മിറ്റിയിലെ ക്ഷണിതാവായതിനാൽ അന്തിമ തീരുമാനം സംസ്ഥാനനേതൃത്വത്തിനായിരിക്കും.
കുടുംബപരമായ സാഹചര്യങ്ങളാണ് ആവശ്യത്തിന് പിന്നിലെന്നാണ് ജോർജ് നേതാക്കളെ അറിയിച്ചിട്ടുള്ളത്. ഓർത്തഡോക്സ് സഭയുടെ മുൻ സെക്രട്ടറിയായ ജോർജ് സംസ്ഥാന–ജില്ലാ–ഏരിയാ തലങ്ങളിലെ നേതാക്കളെ ഫോണിലൂടെയും നേരിട്ടും സമീപിച്ചതായാണ് വിവരം. നിലവിലെ സാഹചര്യത്തിൽ വീണാ ജോർജിനോടും ഭർത്താവിനോടും സംസ്ഥാന നേതൃത്വം ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്.
അതേസമയം, ആറന്മുളയിലെ സിറ്റിങ് എം.എൽ.എയായ വീണാ ജോർജിനെ വീണ്ടും അവിടെ തന്നെ മത്സരിപ്പിക്കണമെന്നതാണ് സി.പി.എം. സംസ്ഥാനകമ്മിറ്റിയുടെ നിലപാട്. ജില്ലാക്കമ്മിറ്റി ശുപാർശ ചെയ്തത് വീണയുടെ പേരുമാത്രമാണ്. 2016-ൽ മാധ്യമപ്രവർത്തകയായിരുന്ന വീണ പുതുമുഖ സ്ഥാനാർഥിയായി ആറന്മുളയിൽ നിന്ന് ജയിച്ചു. 2021-ലും വിജയം ആവർത്തിച്ചു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ മത്സരിച്ചെങ്കിലും വിജയം കൈവരിക്കാനായില്ല
ഭർത്താവിന്റെ ഭാഗത്തുനിന്നുള്ള ഈ നീക്കം പാർട്ടിയിൽ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനിടെ കണ്ണൂരിൽ കെ.എസ്.യു. പ്രതിഷേധത്തിനിടെ പരിക്കേറ്റ വീണാ ജോർജ് നിലവിൽ പത്തനംതിട്ട കൊടുമണ്ണിലെ വീട്ടിൽ വിശ്രമത്തിലാണ്.