Kerala
മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്; സംഭവത്തിൽ വീഴ്ചയിലെന്ന് ആവർത്തിച്ചു മന്ത്രി
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കെട്ടിടത്തില്‍ ആരും കുടുങ്ങിയിട്ടില്ല എന്ന് പറഞ്ഞത് ആദ്യം കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി പറഞ്ഞു. പ്രിന്‍സിപ്പലും സൂപ്രണ്ടുമാണ് അങ്ങനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് താന്‍ പ്രതികരണം നടത്തിയത്. അവശിഷ്ടങ്ങള്‍ക്കടിയില്‍ പരിശോധിക്കാം എന്ന് കൂടി പറഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞു.
സംഭവം നടന്ന ഉടന്‍ താന്‍ സ്ഥലത്തെത്തിയെന്നും മന്ത്രി പറഞ്ഞു. രണ്ട് പേര്‍ക്ക് പരിക്കേറ്റു എന്നായിരുന്നു ആദ്യം ലഭിച്ച വിവരം. പിന്നെയാണ് കുട്ടിയുടെ അമ്മയെ കാണാനില്ലെന്ന വിവരം കിട്ടിയത്. ആദ്യം മുതല്‍ തന്നെ ജെസിബി എത്തിക്കാന്‍ നോക്കി. എന്നാല്‍ ജെസിബി എത്തിക്കാന്‍ പ്രയാസമുണ്ടായി. ഗ്രില്‍ കട്ട് ചെയ്താണ് ജെസിബി എത്തിച്ചത്.
തകര്‍ന്ന കെട്ടിടം പഴയ ബ്ലോക്കിലാണ്. കെട്ടിടത്തിന് കാലപ്പഴക്കം ഉണ്ട്. ആദ്യകാലത്ത് നിര്‍മിച്ച ഈ കെട്ടിടത്തിന് 68 വര്‍ഷത്തോളം പഴക്കമുണ്ട്. കാലപ്പഴക്കം കൊണ്ട് ഈ കെട്ടിടം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.