Kerala
കോൺഗ്രസിൽ തലമുറമാറ്റം: സ്ത്രീകൾക്കും യുവാക്കൾക്കും 50 ശതമാനം സീറ്റുകൾ മാറ്റിവെയ്ക്കുമെന്ന് വിഡി സതീശൻ
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്കും യുവാക്കൾക്കും കൂടുതൽ അവസരമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എഐസിസിയുടെയും രാഹുൽ ഗാന്ധിയുടെയും തീരുമാനമാണ് നടപ്പിലാക്കുന്നത് എന്നും 50% സീറ്റുകൾ യുവാക്കൾക്കും സ്ത്രീകൾക്കുമായി മാറ്റിവെക്കുമെന്നും സതീശൻ വ്യക്തമാക്കി.
പഴയ തലമുറയോട് മാറിനിൽക്കാനല്ല, പുതിയ തലമുറയ്ക്ക് അവസരം നൽകാനാണ് ശ്രമം. താങ്കളൊക്കെ അങ്ങനെ വന്നവരാണ്. അതിനാൽ പുറകെ മറ്റാരും വരേണ്ട എന്ന് തീരുമാനിക്കാൻ കഴിയില്ല എന്നും സതീശൻ വ്യക്തമാക്കി.
പഴയ തലമുറയെ മാറ്റിനിർത്തും എന്നതല്ല ഈ തീരുമാനത്തോടെ അർത്ഥമാക്കുന്നത് എന്നും സതീശൻ കൂട്ടിച്ചേർത്തു. മുതിർന്ന നേതാക്കളിൽ മത്സരിക്കാൻ പറ്റുന്നവർ മത്സരിക്കും. അവരെ ആരെയും ഒഴിവാക്കില്ല. ഒപ്പം അവരുടെ ഉപദേശവും സ്വീകരിച്ച് മുന്നോട്ടുപോകുമെന്നും സതീശൻ വ്യക്തമാക്കി.