Kerala
വാക്കും പ്രവൃത്തിയും ചൊവ്വല്ല! വി ഡി സതീശനെതിരെ സുകുമാരന്‍ നായര്‍
കോട്ടയം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വീണ്ടും വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സതീശന്റെ വാക്കും പ്രവൃത്തിയും രണ്ടാണ്. സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഇടപെടേണ്ടെന്നാണ് സതീശന്റെ നിലപാട് ഏങ്കില്‍ സമുദായ സംഘടനകളെ തേടി എത്തരുതെന്നും ജി സുകുമാരന്‍ നായര്‍ തുറന്നടിച്ചു.
വി ഡി സതീശന് പരിധികള്‍ എല്ലാം മറികടന്നുകഴിഞ്ഞെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. സതീശന് സ്വീകരിച്ച നിലപാട് അബദ്ധമാണെന്ന് പരസ്യമായി പറയണമായിരുന്നു. എന്നാല്‍, ഇനി അതിന് സാഹപര്യമില്ല. അയാള്‍ ഒരുപാട് വരമ്പ് ചാടി കഴിഞ്ഞു എന്നാണ് സതീശന്റെ നിലപാട്. സതീശന്റെ സമുദായ നിഷേധ പരാമര്‍ശങ്ങളോട് മാത്രമാണ് വിയോജിപ്പുള്ളത്. അദ്ദേഹം ഇടക്ക് ഒരു ദൂതനെ അയച്ചിരുന്നു. എന്‍എസ്എസ് പിന്തുണ തേടി വി ഡി സതീശന് മുമ്പ് ഇവിടെ വന്നിട്ടുണ്ട്. അന്ന് പറവൂരിലെ എന്‍എസ്എസ് നേതൃത്വത്തോട് വിഡി സതീശനെ പിന്തുണയ്ക്കണം എന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അന്നത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. ഇത്തവണ പറവൂരില്‍ സമുദായ അംഗങ്ങള്‍ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് തീരുമാനമെടുക്കുമെന്നും സുകുമാരൻ നായർ മുന്നറിയിപ്പ് നല്കി.