Kerala
ഗുരുവായൂരില്‍ ഒരു ഭക്തന്റെയും ദര്‍ശനം തടസ്സപ്പെടുത്തിയിട്ടില്ല; വി ഡി സതീശന്‍
തിരുവനന്തപുരം: ഗുരുവായൂരില്‍ താന്‍ ദര്‍ശനം നടത്താന്‍ പോയപ്പോള്‍ മറ്റു ഭക്തര്‍ക്ക് ദര്‍ശനം സാധിച്ചില്ല എന്ന വാര്‍ത്ത കള്ളക്കഥയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അങ്ങനെയൊരു സംഭവം അവിടെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ കൂടെ നാലുപേര്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ഇത് തെറ്റായ വാര്‍ത്തയാണ്. ഞായറാഴ്ച വിഐപി ദര്‍ശനം ഇല്ല. ആദ്യമായിട്ടല്ലല്ലോ ഒരു മുഖ്യമന്ത്രി ഗുരുവായൂര്‍ ദര്‍ശനത്തിന് പോകുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മുഖ്യമന്ത്രിയുടെ കൂടെ നാലുപേരെ ഉണ്ടായിരുന്നുള്ളൂ. അതില്‍ ഒരാള്‍ അവിടത്തെ ആള്‍ ആയിരുന്നു. അവിടത്തെ അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്നു ഒരാള്‍.
എന്റെ കൂടെ ഒരു ഗണ്‍മാന്‍ മാത്രമാണ് ഉണ്ടായത്. സാധാരണ ഗുരുവായൂരില്‍ ദര്‍ശനം നടത്താന്‍ പോകുമ്പോഴുള്ള നാലുപേരാണ് കൂടെ ഉണ്ടായിരുന്നത്. ആയിരം രൂപയുടെ ടിക്കറ്റ് എടുത്തിട്ടാണ് കയറിയത്. ആയിരം രൂപയുടെ ടിക്കറ്റ് എടുത്തിട്ടാണ് ദര്‍ശനം നടത്തിയത്.’- വി ഡി സതീശന്‍ തുടര്‍ന്നു.