Kerala
പാര്യാത്തുകാവ് കുടിയൊഴിപ്പിക്കലിൽ വിഡി സതീശനെതിരെ ഉന്നതി നിവാസികൾ
കൊച്ചി: മലയിടംതുരുത്ത് പാര്യാത്തുകാവ് ഭൂമിപ്രശ്നത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ നിയമസഭയിൽ നടത്തിയ പ്രസ്താവന തികച്ചും വസ്തുതാവിരുദ്ധമാണെന്ന് ആരോപിച്ച് ഉന്നതി നിവാസികൾ രംഗത്ത്.
പാര്യാത്തുകാവിൽ നിന്ന് തങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഒരു നീക്കവും യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും, നിലവിൽ സർക്കാർ മുന്നോട്ടുവെക്കുന്ന പുനരധിവാസ പാക്കേജ് തങ്ങൾ സമ്മതിച്ചിട്ടില്ലെന്നും ജനങ്ങൾ വ്യക്തമാക്കുന്നു. നിയമസഭയിൽ വിപി സജീന്ദ്രൻ എംഎൽഎ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് പാര്യാത്തുകാവിലെ കുടുംബങ്ങൾക്ക് മറ്റൊരു സ്ഥലം നൽകി വീട് നിർമ്മിച്ചുനൽകാൻ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാൽ ഉന്നതി നിവാസികൾ ഇതിന് ഒരിടത്തും സമ്മതം അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും അവർ ആരോപിക്കുന്നു.
താമസ സ്ഥലം സർക്കാർ പുറമ്പോക്കാണെന്ന് തെളിയിക്കാൻ 19 ഏക്കറോളം ഭൂമി റവന്യൂ അധികൃതർ അളന്നുതിട്ടപ്പെടുത്തണമെന്നാണ് തങ്ങളുടെ പ്രധാന ആവശ്യമെന്നും, അവിടം വിട്ട് ഒഴിഞ്ഞുപോകില്ലെന്നുമാണ് ഇവരുടെ നിലപാട്.