Kerala
സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10ന്; ക്രമീകരണങ്ങൾ ഇങ്ങനെ…
തിരുവനന്തപുരം: തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് വി ഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാച്ചടങ്ങിനായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ തകൃതിയായാണ് നടക്കുന്നത്. പതിനായിരത്തോളം പേര്‍ക്ക് ഇരുന്ന് ചടങ്ങ് വീക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. ഒരു ലക്ഷത്തോളം പേര്‍ സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ.
പന്തലിന്റെ വശങ്ങളില്‍ വീഡിയോ വാള്‍ ഒരുക്കുന്നതിനൊപ്പം സത്യപ്രതിജ്ഞ കാണുന്നതിനായി നിശാഗന്ധി ഉള്‍പ്പെടെ നഗരത്തിന്റെ വിവിധയിടങ്ങളില്‍ വലിയ സ്‌ക്രീനുകളും സ്ഥാപിക്കും. പൊതുജനങ്ങളുടെ പ്രവേശനം പാസ്മൂലം നിയന്ത്രിക്കും.
സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം മന്ത്രിമാര്‍ ലോക്ഭവനില്‍ ഗവര്‍ണറുടെ സത്കാരത്തിനായിപ്പോകും. പിന്നീട് മന്ത്രിസഭാ യോഗം ചേര്‍ന്ന് നിയമസഭ ചേരുന്നതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും.