Kerala

അടിച്ചങ്ങു പൂസായി കുടിച്ചങ്ങ് വാറായി :കള്ളിക്കാട് ചെക്ക് പോസ്റ്റിലെ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ഡ്യൂട്ടിക്കിടെ മദ്യപിച്ച് വീണു 

Posted on

തിരുവനന്തപുരം :മദ്യ ലഹരിയിൽ ബോധം കെട്ടുറങ്ങി എക്സൈസ് ഉദ്യോഗസ്ഥൻ .കള്ളിക്കാട് ചെക്ക് പോസ്റ്റിലെ എക്‌സൈസ് പ്രിവന്റീവ് ഓഫീസറായ ഷീൻരാജാണ് യൂണിഫോം ധരിച്ച് മദ്യലഹരിയിൽ ബോധം കെട്ട് കിടന്നുറങ്ങിയത്. ഇയാളുടെ ഉത്തരവാദിത്തമില്ലായ്മ കാരണം ചെക്ക് പോസ്റ്റിലൂടെയുള്ള വാഹന പരിശോധന പൂർണ്ണമായും തടസ്സപ്പെട്ടു. അതിർത്തി കടന്നെത്തുന്ന ലഹരി വസ്തുക്കളും വ്യാജമദ്യവും തടയേണ്ട ഉദ്യോഗസ്ഥൻ തന്നെ മദ്യപിച്ച് ബോധമില്ലാതെ വീണത് എക്‌സൈസ് വകുപ്പിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.

നാട്ടുകാരാണ് എക്‌സൈസ് ഉദ്യോഗസ്ഥൻ ചെക്ക് പോസ്റ്റിൽ ബോധമില്ലാത്ത അവസ്ഥയിൽ കിടക്കുന്നത് ആദ്യം കണ്ടത്. വിവരം ഉടനടി എക്‌സൈസിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. സംഭവം ഗുരുതരമാണെന്ന് മനസ്സിലാക്കിയ എക്‌സൈസ് അഡീഷണൽ കമ്മീഷണർ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അഡീഷണൽ കമ്മീഷണറുടെ കർശന നിർദ്ദേശത്തെത്തുടർന്ന് നെയ്യാറ്റിൻകര എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ (സി.ഐ) നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് തിരിച്ചു.

ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കള്ളിക്കാട് ചെക്ക് പോസ്റ്റിൽ എത്തിയപ്പോൾ കണ്ടത് എക്‌സൈസ് യൂണിഫോം അണിഞ്ഞ പ്രിവന്റീവ് ഓഫീസർ ഷീൻരാജ് തറയിൽ ബോധം കെട്ട് കിടക്കുന്ന കാഴ്ചയാണ്. ചുറ്റും നടക്കുന്നത് എന്താണെന്ന് പോലും അറിയാത്ത വിധം അബോധാവസ്ഥയിലായിരുന്നു ഇയാൾ. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ഉന്നത അധികാരികളുടെ നിർദ്ദേശപ്രകാരം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. പരിശോധനയിൽ ഇയാൾ അമിതമായി മദ്യപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കള്ളിക്കാട് ചെക്ക് പോസ്റ്റിൽ ഷീൻരാജ് മാത്രമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. എന്നാൽ ഉദ്യോഗസ്ഥൻ മദ്യപിച്ച് ബോധരഹിതനായതോടെ ചെക്ക് പോസ്റ്റിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചു. യാതൊരുവിധ തടസ്സങ്ങളോ പരിശോധനകളോ ഇല്ലാതെയാണ് അതിർത്തിയിലൂടെ വാഹനങ്ങൾ കടന്നുപോയത്. സംസ്ഥാനത്തേക്ക് അനധികൃതമായി വ്യാജമദ്യവും കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകളും കടത്താൻ സാധ്യതയുള്ള പ്രധാന പാതയിലാണ് എക്‌സൈസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഇത്രയും വലിയ സുരക്ഷാ വീഴ്ചയും അപക്വമായ പെരുമാറ്റവും ഉണ്ടായിരിക്കുന്നത്.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ചെക്ക് പോസ്റ്റിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ വിശദമായി പരിശോധിക്കുമെന്ന് എക്‌സൈസ് വകുപ്പ് അധികൃതർ അറിയിച്ചു. ഡ്യൂട്ടി സമയത്ത് ഉദ്യോഗസ്ഥൻ എവിടെനിന്നാണ് മദ്യം കഴിച്ചതെന്നും മറ്റാരെങ്കിലും ഇയാൾക്കൊപ്പം ഉണ്ടായിരുന്നോ എന്നും പരിശോധിച്ചുവരികയാണ്. സർവീസിന് ചേരാത്ത രീതിയിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനെതിരെ വകുപ്പുതലത്തിൽ ഉടൻ തന്നെ കടുത്ത സസ്‌പെൻഷൻ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version