India
ട്രെയിനിൽ സീറ്റ് കിട്ടിയില്ല; പെപ്പർ സ്പ്രേ അടിച്ച് യുവതി, യാത്രക്കാര്‍ക്ക് ചുമയും ശ്വാസംമുട്ടലും
കൊൽക്കത്ത:തിരക്കേറിയ ട്രെയിനിൽ സീറ്റ് കിട്ടാത്തതിനെ തുടർന്നായിരുന്നു പെപ്പർ സ്പ്രേ പ്രയോഗം. യുവതി സ്പ്രേ അടിച്ചതിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ക്ക് ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ടു.
സീൽഡയിലേക്ക് പോകുന്ന ഒരു ലോക്കൽ ട്രെയിനിലെ വനിതാ കമ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. സീൽഡയിൽ നിന്നും ട്രെയിനിൽ കയറിയ യുവതി സീറ്റിനെച്ചൊല്ലി മറ്റൊരു യാത്രക്കാരിയുമായി തർക്കത്തിലേർപ്പെട്ടു.
തര്‍ക്കം രൂക്ഷമായപ്പോൾ താൻ ചോദിച്ച സീറ്റ് ലഭിക്കാത്തതിനാൽ ബാഗിൽ നിന്ന് പെപ്പർ സ്പ്രേ എടുത്തു അവർക്കു നേരെ അടിക്കുകയായിരുന്നു. ആ കമ്പാർട്ട്മെന്റിൽ കുട്ടികളുൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. ഇത് കാരണം അവർക്കു ചുമയും ശ്വാസം മുട്ടലും അനുഭവപെട്ടു. രണ്ട് കുട്ടികൾക്ക് വളരെയധികം അസ്വസ്ഥതയും ഉണ്ടായി. മറ്റ് യാത്രക്കാര്‍ തടയാൻ ശ്രമിച്ചെങ്കിലും യുവതി സ്പ്രേ അടിക്കുന്നത് ആവര്‍ത്തിച്ചു. പിന്നീട്, യാത്രക്കാർ യുവതിയെ പിടികൂടി പൊലീസിനെ ഏൽപിക്കുകയായിരുന്നു.
ഇവരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വന്തം സുരക്ഷയ്ക്കുള്ള പെപ്പർ സ്പ്രേ മറ്റുള്ളവരെ ഉപദ്രവിക്കാൻ ഉപയോഗിച്ചതിൽ കർശന നടപടി എടുക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെട്ടത്.