India
മിഠായി തൊണ്ടയില്‍ കുടുങ്ങി ശ്വാസംകിട്ടാതെ പിടഞ്ഞ് രണ്ട് വയസ്സുകാരൻ, രക്ഷകരായി ആർപിഎഫ് ഉദ്യോഗസ്ഥർ
കോയമ്പത്തൂർ: ട്രെയിനില്‍വെച്ച് മിഠായി തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയെ സമയോചിതമായി ഇടപെട്ട് രക്ഷിച്ച് ആർപിഎഫ് (റെയില്‍വേ സംരക്ഷണസേന) ഉദ്യോഗസ്ഥർ.
മിഠായി തൊണ്ടയില്‍ കുടുങ്ങി ശ്വാസംകിട്ടാതെ പിടഞ്ഞ രണ്ടുവയസ്സുകാരനെയാണ് ആർപിഎഫ് ഇൻസ്പെക്ടർ സുനില്‍കുമാർ, അസി. സബ് ഇൻസ്പെക്ടർ സജിനി എന്നിവരുടെ കൃത്യമായ ഇടപെടലിലൂടെ രക്ഷിക്കാനായത്. തിങ്കളാഴ്ച വൈകിട്ട് മേട്ടുപ്പാളയം-പോത്തന്നൂർ മെമു ട്രെയിനിലായിരുന്നു സംഭവം.
കാരമട സ്റ്റേഷനില്‍നിന്ന് ട്രെയിനില്‍ കയറിയ സെല്‍വലക്ഷ്മിയുടെ രണ്ടരവയസ്സുള്ള മകൻ അതിരനാണ് യാത്രയ്ക്കിടെ മിഠായി വിഴുങ്ങിയത്. മിഠായി തൊണ്ടയില്‍ കുടുങ്ങിയതോടെ കുട്ടിയ്ക്ക് ശ്വാസംകിട്ടാതായി. ഇതോടെ യാത്രക്കാരെല്ലാം ആശങ്കയിലായി. ഇതിനിടെ മൂക്കില്‍നിന്ന് രക്തമൊലിക്കുകയും കുട്ടി അർധബോധാവസ്ഥയിലാവുകയും ചെയ്തു. കുട്ടിയുടെ നില ഗുരുതരമായതോടെ യാത്രക്കാർ ട്രെയിനിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്നാണ് ഇൻസ്പെക്ടർ സുനില്‍കുമാറും എഎസ്ഐ സജിനിയും കുട്ടിയുടെ അടുത്തേക്ക് ഓടിയെത്തിയത്.