Kerala
ദേവസ്വം സ്പെഷ്യല്‍ പ്ലീഡര്‍ നിയമനം പാര്‍ട്ടിക്ക് അറിയില്ല: സണ്ണി ജോസഫ്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനായ കെ ബി പ്രദീപിനെ ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായി സര്‍ക്കാര്‍ നിയമിച്ചത് പാര്‍ട്ടിക്ക് അറിയില്ലെന്ന് കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ്.
എന്തെങ്കിലും തരത്തിലുള്ള ചെറിയ പിശകുകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ച് പോകുമെന്ന് ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സണ്ണി ജോസഫ് പറഞ്ഞു. നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൂചിപ്പിച്ചപ്പോള്‍ ദേവസ്വം മന്ത്രിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് എന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.
താന്‍ അറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രിയാണ് തീരുമാനമെടുത്തതെന്നുമുള്ള ദേവസ്വം മന്ത്രി കെ മുരളീധരന്റെ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹവുമായി ആലോചിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയാണോ ഒറ്റയ്ക്ക് എല്ലാ തീരുമാനങ്ങളും എടുക്കുന്നത് എന്ന ചോദ്യത്തിന് ചിരിച്ച് കൊണ്ട് സണ്ണി ജോസഫ് ഒഴിഞ്ഞുമാറി.