Kerala
സംസ്ഥാനത്ത് നക്ഷത്രപദവി ലഭിക്കാത്ത 32 ഹോട്ടലുകളുടെ ബാർ ലൈസൻസുകൾ റദ്ദാക്കാൻ സർക്കാർ നീക്കം
തിരുവനന്തപുരം : സംസ്ഥാനത്ത് നക്ഷത്രപദവി ലഭിക്കാത്ത 32 ഹോട്ടലുകളുടെ ബാർ ലൈസൻസുകൾ റദ്ദാക്കാൻ സർക്കാർ നീക്കം. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനും അധിക സത്യവാങ്മൂലം സമർപ്പിക്കാനും എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ത്രീസ്റ്റാർ പദവി ഉൾപ്പെടെയുള്ള നക്ഷത്രപദവികൾക്ക് അപേക്ഷ നൽകിയ 290 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിലാണ് 32 സ്ഥാപനങ്ങൾ യോഗ്യത നേടാത്തതായി കണ്ടെത്തിയത്.
നിലവിൽ ഈ 32 ഹോട്ടലുകളിലെയും ബാറുകൾ പ്രവർത്തിക്കുന്നുണ്ട്. മാർച്ച് 30 വരെയാണ് ഇവയ്ക്ക് നിലവിൽ ബാർ ലൈസൻസ് അനുവദിച്ചിരിക്കുന്നത്. എന്നാൽ നക്ഷത്രപദവി ലഭിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കി നൽകില്ലെന്ന നിലപാടിലാണ് സർക്കാർ. കേന്ദ്ര ടൂറിസം മന്ത്രാലയം അപേക്ഷ നിരസിച്ച ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നേരത്തെ എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കിയിരുന്നു.
കോവിഡ് കാലത്തിന് ശേഷം നക്ഷത്രപദവി അപേക്ഷകളുടെ പരിശോധനയിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് കാലതാമസമുണ്ടായ സാഹചര്യത്തിൽ സംസ്ഥാന ടൂറിസം വകുപ്പിന്റെ അനുമതിയോടെ ബാർ ലൈസൻസുകൾ പുതുക്കി നൽകിയിരുന്നു. എന്നാൽ കേന്ദ്ര മന്ത്രാലയം തന്നെ പദവി നിഷേധിച്ച സ്ഥാപനങ്ങളുടെ കാര്യത്തിൽ ഇളവ് അനുവദിക്കാനാകില്ലെന്നാണ് സർക്കാരിന്റെ നിലപാട്.
എക്സൈസ് വകുപ്പിൽ വിജിലൻസ് അന്വേഷണം
അതിനിടെ, സംസ്ഥാനത്ത് ബാർ ലൈസൻസുകൾ അനുവദിച്ചതും പുതുക്കിയതും ഉൾപ്പെടെയുള്ള എക്സൈസ് വകുപ്പിന്റെ നടപടികളിൽ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ ശിപാർശ ചെയ്തു. എക്സൈസ് മന്ത്രി എം. ലിജുവിന്റെ ശിപാർശ ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് നടപടി. അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള വിവരം.
മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവുവിന്റെ കാലത്ത് വകുപ്പിൽ നടന്ന വിവിധ നടപടികൾ അന്വേഷണ പരിധിയിൽ വരുമെന്നാണ് സൂചന. ബിയർ-വൈൻ പാർലറുകൾക്കും വിമാനത്താവളത്തിലെ ബാറുകൾക്കും സർക്കാർ അറിയാതെയും മന്ത്രിയുടെ അറിവില്ലാതെയും ലൈസൻസ് അനുവദിച്ചെന്ന പരാതികളും പരിശോധിക്കും. മന്ത്രിയുടെ ഓഫീസിനെതിരെ വ്യാജരേഖ ചമച്ചെന്ന പരാതിയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും.
ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം
രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് ബാറുടമകളുമായി പണമിടപാടുണ്ടെന്ന ആരോപണവും അന്വേഷണത്തിൽ പരിശോധിക്കും. മന്ത്രിയെയും ബാറുടമകളെയും ബന്ധപ്പെടുത്തി സീറാം സാംബശിവറാവു നൽകിയ റിപ്പോർട്ടിലെ പരാമർശങ്ങളും പരിശോധിക്കുമെന്നാണ് വിവരം.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സർക്കാർ അറിയാതെ രണ്ട് ബാറുകൾക്ക് ലൈസൻസ് നൽകിയതും മൂന്നാമത്തെ ബാറിന് ലൈസൻസ് അനുവദിക്കാൻ അനുമതി നൽകിയതും പ്രത്യേകമായി പരിശോധിക്കും. അന്നത്തെ എക്സൈസ് കമ്മീഷണറുടെ പങ്കും അന്വേഷണവിധേയമാകും.
സർവീസിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവർക്കെതിരെ പ്രാഥമിക അന്വേഷണം നടത്താൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. ഇതിനുള്ള അനുമതി ഉടൻ ലഭ്യമാക്കുമെന്നാണ് സൂചന. ബാർ ലൈസൻസ് അനുവദിച്ചതിലും പുതുക്കിയതിലും ക്രമക്കേടുകളോ ബാഹ്യഇടപെടലുകളോ ഉണ്ടായിട്ടുണ്ടോയെന്നാണ് വിജിലൻസ് പരിശോധിക്കുക.