Kerala
പാലായിൽ എസ്.എം.വൈ.എം പ്രഥമ സംസ്ഥാന സെനറ്റ് സമ്മേളനത്തിന് ഉജ്ജ്വല തുടക്കം; യുവജനങ്ങൾ സഭയുടെ ഇന്നെന്ന് മാർ റാഫേൽ തട്ടിൽ
പാലാ: സീറോ മലബാർ സഭയുടെ യുവജന പ്രസ്ഥാനമായ എസ്.എം.വൈ.എം (സീറോ മലബാർ യൂത്ത് മൂവ്മെന്റ്) സംസ്ഥാന സമിതിയുടെ പ്രഥമ സംസ്ഥാന സെനറ്റ് സമ്മേളനത്തിന് പാലായിൽ ഭംഗിയാർന്ന തുടക്കമായി. രൂപീകൃതമായതിന്റെ പന്ത്രണ്ടാം വാർഷിക വേളയിൽ സംഘടിപ്പിച്ച ഈ ചരിത്രപ്രധാന സമ്മേളനം 13 രൂപതകളിൽ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. യുവജനങ്ങളുടെ ഐക്യവും സഭാപ്രതിബദ്ധതയും പ്രതിഫലിപ്പിച്ച ഈ സംഗമം സീറോ മലബാർ സഭയുടെ യുവജന ചരിത്രത്തിൽ പുതിയ അധ്യായമായി മാറി.
പാലായിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ സഭയുടെ ഭാവി മാത്രമല്ല, സഭയുടെ ഇന്നാണെന്നും അദ്ദേഹം പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. യുവത്വം സഭയുടെ ഏറ്റവും വലിയ സമ്പത്താണെന്നും അവരെ ചേർത്തുപിടിക്കാനും നേർവഴിയിൽ നയിക്കാനും സഭക്കും സമൂഹത്തിനും വലിയ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് രൂപതാധ്യക്ഷനും സീറോ മലബാർ യൂത്ത് കമ്മീഷൻ ചെയർമാനുമായ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണം നിർവഹിച്ചു. യുവജനങ്ങളാണ് സഭയുടെയും സമൂഹത്തിന്റെയും നട്ടെല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ക്രിസ്തുവിനെ മാതൃകയാക്കി ആത്മീയ ചൈതന്യത്തോടെ മുന്നേറാൻ യുവജനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സംസ്ഥാന ഡെപ്യൂട്ടി പ്രസിഡൻറ് അലൻ ജോളി പടിഞ്ഞാറേക്കര സ്വാഗതം ആശംസിച്ചു. സംസ്ഥാന ഡയറക്ടർ റവ. ഫാ. മാണി കൊഴുപ്പൻകുറ്റി ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡൻറ് അലക്സ് തോമസ് പുളിമുട്ടിൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഡയറക്ടർ റവ. ഫാ. ജേക്കബ് ചക്കാത്തറ, ഗ്ലോബൽ പ്രസിഡൻറ് അഡ്വ. സാം സണ്ണി ഓടയ്ക്കൽ, എ.കെ.സി.സി ഗ്ലോബൽ പ്രസിഡൻറ് രാജീവ് കൊച്ചുപറമ്പിൽ, മുൻ ഡയറക്ടർ റവ. ഫാ. ജോസഫ് ആലഞ്ചേരിൽ, പാലാ രൂപത പ്രസിഡൻറ് മിജോ ജോയി കുന്നത്താനിയേൽ എന്നിവർ ആശംസകൾ നേർന്നു. സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. പ്രതീക്ഷ രാജ് ഓലിക്കൽ നന്ദി രേഖപ്പെടുത്തി.
യുവജനങ്ങളെ അഭിസംബോധന ചെയ്ത പ്രസംഗത്തിൽ മാർ റാഫേൽ തട്ടിൽ ക്രൈസ്തവ സമുദായത്തിലെ ജനസംഖ്യാ കുറവിനെക്കുറിച്ചും ആശങ്ക രേഖപ്പെടുത്തി. സമുദായം മൈക്രോ മൈനോറിറ്റി അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും കുടുംബങ്ങളിൽ അംഗസംഖ്യ വർധിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാർഷിക മേഖലയോടുള്ള യുവജനങ്ങളുടെ താത്പര്യം കുറഞ്ഞുവരുന്നതും അദ്ദേഹം പരാമർശിച്ചു. പൂർവ്വികർ കഠിനാധ്വാനത്തോടെ പടുത്തുയർത്തിയ കാർഷിക പാരമ്പര്യം സംരക്ഷിക്കേണ്ടത് യുവതലമുറയുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
സഭയുടെ വിശ്വാസപാരമ്പര്യവും ആത്മയ പൈതൃകവും സംരക്ഷിക്കേണ്ടത് യുവജനങ്ങളുടെ ദൗത്യമാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് ഓർമ്മിപ്പിച്ചു. ഉത്ഥാനത്തിന്റെ കണ്ണുകളിലൂടെ ലോകത്തെ കാണാനും പ്രതിസന്ധികളിൽ പ്രത്യാശയുടെ ദൂതരാകാനും യുവജനങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള ഈ പ്രഥമ സെനറ്റ് സമ്മേളനം യുവജനങ്ങൾക്ക് സഭയോടുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും ക്രിസ്തീയ മൂല്യങ്ങളിൽ അധിഷ്ഠിതമായ പുതിയ യുവസംസ്കാരം വളർത്തിയെടുക്കുന്നതിനുള്ള വേദിയാവുകയും ചെയ്യുന്നു. വിദ്യാഭ്യാസം, തൊഴിൽ, രാഷ്ട്രീയം ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും വിശ്വാസത്തിന്റെ സാക്ഷികളായി മാറാൻ യുവജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സമ്മേളനം മുന്നേറുകയാണ്.