Kerala
പള്ളികളുടെ പ്രതിഷേധത്തില്‍ എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി ഗ്രൂപ്പുകള്‍ നുഴഞ്ഞുകയറി; ആരോപണവുമായി ഷോൺ ജോർജ്
തിരുവനന്തപുരം: കേരളത്തിലെ പള്ളികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധങ്ങളില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), ജമാ അത്തെ ഇസ്ലാമി ഗ്രൂപ്പുകള്‍ നുഴഞ്ഞുകയറിയതായി ബിജെപി.
ഇത് ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് പറഞ്ഞു. സഭയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ ഈ ഗ്രൂപ്പുകളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന വ്യക്തമായ തെളിവുകള്‍ വിശ്വസനീയമായ ഇന്റലിജന്‍സ് സ്രോതസ്സുകളില്‍ നിന്ന് ലഭിച്ചതായി ഷോണ്‍ ജോര്‍ജ് പറഞ്ഞു.
ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, അങ്കമാലി, തിരുവല്ല, മാനന്തവാടി എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍ എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും ഘടകങ്ങള്‍ പങ്കെടുത്തതായി ഷോണ്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഈ ഗ്രൂപ്പുകള്‍ മുമ്പ് ക്രിസ്ത്യന്‍ പള്ളികളെയും നേതാക്കളെയും ലക്ഷ്യം വച്ചിരുന്നുവെന്നും ഷോണ്‍ പറഞ്ഞു.