Kerala
അമേരിക്കന്‍ കമ്പനിയില്‍ നിന്ന് സിപിഎം നാലുകോടി സംഭാവന വാങ്ങി; ശോഭ സുരേന്ദ്രൻ
തൃശൂര്‍: അമേരിക്കന്‍ കമ്പനിയില്‍ നിന്ന് സിപിഎം നാലുകോടി രൂപ സംഭാവന വാങ്ങിയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. മുഖ്യമന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും അറിവോടെ വലിയ കച്ചവടമാണ് നടന്നതെന്നും പിവണ്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്ന് സിപിഎം നാലുകോടി സംഭാവന വാങ്ങിയതിന്റെ രേഖകളും ശോഭാ സുരേന്ദ്രന് പുറത്തുവിട്ടു. ആഗോള ആശുപത്രി ശൃംഖലയായ അമേരിക്കന്‍ കമ്പനിക്ക് കേരളത്തിന്റെ ആരോഗ്യമേഖലയെ തീറെഴുതിയെന്നും അവര്‍ തൃശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
പി വണ്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് എന്നുപറയുന്ന കമ്പനിക്ക് 2021 വരെ കേരളത്തില്‍ യതൊരു തരത്തിലുമുള്ള ബിസിനസും ഉണ്ടായിരുന്നില്ല. ബ്ലാക് സ്റ്റോണ്‍ എന്ന അമേരിക്കന്‍ കമ്പനിയുടെ ഉപകമ്പനിയാണ് ഇതെന്നും കേരളത്തിലെ പത്തോളം വരുന്ന പ്രൈവറ്റ് കമ്പനികളെ ഇവര്‍ വാങ്ങിക്കൂട്ടിയെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു. ഇത് വലിയൊരു ആശുപത്രി ശൃംഖലയാണ്. പാവപ്പെട്ടവരുടെ ജീവിതം വിറ്റുകൊണ്ടാണ് കേരളത്തില്‍ പടര്‍ന്നുപന്തലിക്കാനുള്ള സാഹചര്യം മുഖ്യമന്ത്രിയും കൂട്ടരും ആ കകമ്പനിക്ക് ഒരുക്കിയതെന്നും ശോഭ പറഞ്ഞു.