Kerala
ആശങ്കയായി ഷിഗെല്ല; ഈ വർഷം രോഗം സ്ഥിരീകരിച്ചത് 114 പേർക്ക്
കൽപ്പറ്റ: സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല. അഞ്ചുവർഷത്തെ ഷിഗെല്ല കണക്കുകൾ പുറത്ത് വന്നു. ഈ വർഷം രോഗം സ്ഥിരീകരിച്ചത് 114 പേർക്കാണ്. കഴിഞ്ഞ വർഷം ഈ കാലയളവിൽ 54 പേർക്കായിരുന്നു രോഗം. 2025 ൽ 132 പേർക്കാണ് രോഗം ബാധിച്ചത്. 2024 ൽ 121 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2023 ൽ 90 പേർക്കും 2022 ൽ 83 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ ജില്ലകളിൽ രോഗസാന്നിധ്യം ഉണ്ടെന്നും ഈ വർഷത്തേത് അസാധാരണ സാഹചര്യമെന്നുമാണ് ആരോഗ്യവകുപ്പിൻ്റെ വിലയിരുത്തൽ.
വയനാട്ടിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ചത് 9 കുട്ടികൾക്കാണ്. ഇന്നലെയാണ് ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. നിലവിൽ 502 കുട്ടികളാണ് കോളിയാടി സ്കൂളിൽ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുള്ളത്. നിലവിൽ 47 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുണ്ട്.
അതേസമയം, സമ്പർക്കത്തിലൂടെ രോഗം പകരുന്നത് ഒഴിവാക്കാൻ മൂന്ന് പഞ്ചായത്തിലും ബത്തേരി നഗരസഭയിലും സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്. കുട്ടികളുമായി പുറത്തു പോകുന്നതും പരിപാടികളിൽ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.