Kerala
ഷവർമ കഴിച്ച് 14 കുട്ടികൾ ആശുപത്രിയിൽ
കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് പതിനാല് കുട്ടികൾ ആശുപത്രിയിൽ. കാസർഗോഡ് പള്ളിക്കര പൂച്ചക്കാട് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.
നബിദിന ആഘോഷങ്ങൾക്ക് ശേഷം പള്ളിക്കമ്മിറ്റി ഭക്ഷണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ അത് തികയാതെ വന്നപ്പോഴാണ് തൊട്ടടുത്തുള്ള ഹോട്ടലിൽ നിന്ന് 15 ഷവർമ ഓർഡർ ചെയ്തത്.
ഇത് കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. 14 പേരാണ് നിലവിൽ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതിൽ 13 പേർ പെൺകുട്ടികളാണ്. നാലുപേരെയാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. 10 പേർ നിരീക്ഷണത്തിൽ കഴിയുകയാണ്.
അന്വേഷണത്തിൽ ഷവർമയിൽ ഉപയോഗിച്ചത് പഴകിയ ഇറച്ചിയാണെന്ന് കണ്ടെത്തി. ഇക്കാര്യം ഹോട്ടൽ ജീവനക്കാർ സമ്മതിക്കുകയും ചെയ്തു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണത്തിനായി സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.