Kerala
സജി ചെറിയാന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചു: ശിവൻകുട്ടി
തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സജി ചെറിയാന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് ശിവന്‍കുട്ടി പറഞ്ഞു. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ആപത്താണെന്നും ശിവന്‍കുട്ടി പറഞ്ഞു. കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടായത് എല്ലാം യുഡിഎഫ് കാലത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്വര്‍ണക്കൊള്ളയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) പരിശോധനയിലും വി ശിവന്‍കുട്ടി പ്രതികരിച്ചു. ‘സര്‍ക്കാര്‍ ആദ്യം മുതല്‍ ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും. ആരൊക്കെ കുറ്റക്കാരാണോ അവരൊക്കെ നിയമത്തിന് മുന്നില്‍ വരണം. തന്ത്രിയെ അറസ്റ്റ് ചെയ്തപ്പോള്‍ സംരക്ഷിക്കാന്‍ എത്തിയത് ബിജെപിയാണ്. അതിലൂടെ തന്നെ ജനങ്ങള്‍ക്ക് കാര്യം മനസിലായി കാണുമല്ലോ’, ശിവന്‍കുട്ടി പറഞ്ഞു.