Kerala
ശബരിമലയില്‍ വരുമാനത്തിൽ വർധനവ്
പത്തനംതിട്ട: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ 429 കോടി രൂപയുടെ വരുമാനം ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 380 കോടിയായിരുന്നു വരുമാനം. ജനുവരി 12വരെയുള്ള കണക്കാണിത്. റെക്കോർഡ് വരുമാനമാണിതെന്ന് ജയകുമാർ പറഞ്ഞു.
അപ്പം, അരവണ ഇനങ്ങളിൽനിന്ന് 190 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ തവണ ഈ ഇനങ്ങളിൽ നിന്നായി 160 കോടി രൂപയായിരുന്നു ലഭിച്ച വരുമാനം. കാണിക്കയായി ഇത്തവണ 110 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 105 കോടിയായിരുന്നു. കാണിക്കയായടക്കം ലഭിച്ച നാണയങ്ങൾ എണ്ണുന്ന ജോലികൾ പുരോഗമിക്കുകയാണെന്നും കൂടുതൽ ജീവനക്കാരെ നിയോഗിച്ച് ഈ മാസം 20ന് മുമ്പായി നാണയം എണ്ണൽ പൂർത്തിയാക്കുമെന്നും ജയകുമാർ പറഞ്ഞു.