Kerala
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർഥാടകരുടെ വാഹനവുമായി ഉരസിയതിനെത്തുടർന്ന് കെഎസ്ആർടിസി ബസ് ഡ്രൈവറെ ആക്രമിച്ച അഞ്ചുപേർ പിടിയിൽ
കൊച്ചി: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർഥാടകരുടെ വാഹനവുമായി ഉരസിയതിനെത്തുടർന്ന് കെഎസ്ആർടിസി ബസ് ഡ്രൈവറെ ആക്രമിച്ച അഞ്ചുപേർ പിടിയിൽ. തൃശൂർ പുത്തൂർ സ്വദേശികളായ രഞ്ജിത് (35), ലാൽ കൃഷ്ണദാസ് (34), ജിഷ്ണു (32), ജിതിൻ (30), അനന്തു (26) എന്നിവരെയാണ് മരട് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ഇവർ സഞ്ചരിച്ച വാഹനവും കെഎസ്ആർടിസി ബസും പൊലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ ബസ് ഡ്രൈവർ പാലക്കാട് പട്ടാമ്പി സ്വദേശി എം. മനീഷ് (37) തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. ഇന്നലെ വൈകിട്ട് നാലോടെ കൊച്ചി ബൈപാസിൽ തൈക്കൂടത്തായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് തീർഥാടകരുടെ വാഹനവുമായി ഉരസിയത്. തുറവൂർ മുതൽ ഇരു വാഹനങ്ങളും പരസ്പരം സൈഡ് നൽകാതെ യാത്ര ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം.
വാഹനങ്ങൾ തമ്മിൽ ഉരസിയതോടെ തർക്കം രൂക്ഷമായി. വാഹനം ഉരസിയ ഉടൻ തീർഥാടകർ സഞ്ചരിച്ച വാഹനം നിർത്തി. തുടർന്ന് കെഎസ്ആർടിസി ബസിന്റെ സൈഡ് ഡോർ തുറന്ന് അകത്തുകയറിയ സംഘം ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മരട് പൊലീസാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിൽ അഞ്ച് പേരെയും വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.