Kottayam
ശബരിമല തീർത്ഥാടനം; എരുമേലി ഇടത്താളത്തിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തി റോഡുകളുടെ അറ്റകുറ്റപ്പണികൾ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കും-മന്ത്രി കെ മുരളീധരൻ
കോട്ടയം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് ആരോഗ്യ -ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ. എരുമേലി ഇടത്താവളത്തിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി എരുമേലി ദേവസ്വം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയതായി നിർമാണം പൂർത്തിയാക്കിയ ഏരു മേലിയിലെ ഇടത്താവള സമുച്ചയത്തിൽ തീർഥാടകർക്ക് വിരി വയ്ക്കാൻ സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
പാർക്കിംഗ് ഫീസും ഭക്ഷ്യ വസ്തുക്കളുടെ വിലയും അമിതമായി ഈടാക്കുന്നതു തടയാൻ കർശന നടപടിയുണ്ടാകും. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ആശുപത്രികളിൽ അടിയന്തര പരിശോധന നടത്തി സൗകര്യങ്ങൾ വിലയിരുത്താൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എരുമേലി ഇടത്താവള സമുച്ചയത്തിൽ
ആയിരത്തോളം തീർഥാടകർക്ക് വിരി വയ്ക്കാനാവുമെന്നും സൗജന്യമായി വിരി വയ്ക്കാൻ സൗകര്യമൊരുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ.ജയകുമാർ പറഞ്ഞു. താഴത്തെ നിലയിൽ അന്നദാനവും മുകളിലത്തെ നിലയിൽ വിരി വയ്ക്കാനുള്ള സൗകര്യവും ഒരുക്കുന്നതാണ് പരിഗണനയിൽ. ശുചീകരണത്തിനും വിശ്രമ കേന്ദ്രത്തിൻ്റെ നടത്തിപ്പിനുമായി ചുമതലക്കാരെ നിയോഗിക്കുമെന്നും ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.
ഭക്ഷ്യ സുരക്ഷാ വകുപ്പ്, ലീഗൽ മെട്രോളജി, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ സ്ക്വാഡുകൾ 24 മണിക്കൂറും പ്രവർത്തിക്കും.
കെ. എസ് ആർ. ടി. സി. ഏരുമേലി ഡിപ്പോയിൽ നിന്ന് 25 ബസുകൾ പമ്പയിലേക്ക് ലഭ്യമാക്കും. സ്ഥിരം സർവീസുകൾ നവംബർ 15 ന് ആരംഭിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. തിരക്കു കണക്കിലെടുത്ത് ആവശ്യമെങ്കിൽ നവംബർ 13 മുതൽ സർവീസ് തുടങ്ങാനും സജ്ജമാണ്.
ഏരുമേലി കുടുംബാരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂർ സേവനം ഉറപ്പാക്കും. അഡീഷണൽ ഡോക്ടറുടെ സേവനവും ഉണ്ടാകും. എരുമേലിയിലെ 25 കിണറുകളിലെ ജലം പരിശോധനയ്ക്ക് ലാബിലേക്ക് അയച്ചിട്ടുണ്ട്. അടുത്താഴ്ച പ്രത്യേക ക്ലോറിനേഷൻ കാമ്പയിൻ നടത്തും. കാനന പാതയിൽ രാവിലെ എട്ടു മുതൽ അഞ്ചുവരെ മൊബൈൽ മെഡിക്കൽ സംഘത്തിൻ്റെ സേവനം ലഭ്യമാക്കും.
ജലാശയങ്ങളിലെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി അഗ്നിരക്ഷാ സേന കാളകെട്ടിയിലും അഴുതയിലും സ്കൂബാ സംഘങ്ങളുടെ സേവനം ലഭ്യമാക്കും.
എം.എൽ.എമാരായ റോണി കെ. ബേബി, എം.ജെ. സെബാസ്റ്റ്യൻ, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ. ഷമീർ, ഏരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അമ്പിളി സജീവൻ, സ്ഥിരം സമിതി അധ്യക്ഷൻ നാസർ പനച്ചി, കോരുത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.എൻ. പീതാംബരൻ, ദേവസ്വം കമ്മിഷണർ ബി. സുനിൽ കുമാർ എന്നിവർ സംസാരിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, സാമുദായിക-സംഘടനാ പ്രതിനികൾ എന്നിവർ പങ്കെടുത്തു.