Kerala
പി ടി കുഞ്ഞുമുഹമ്മദിന് എതിരായ കേസ്; ചലച്ചിത്ര അക്കാദമിക്ക് നോട്ടീസ് നല്‍കി പൊലീസ്
തിരുവനന്തപുരം: സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ ചലച്ചിത്ര അക്കാദമിക്ക് നോട്ടീസ് നൽകി പൊലീസ്. ചലച്ചിത്ര പ്രവർത്തക പരാതി നൽകിയിരുന്നോയെന്ന ചോദ്യമാണ് പൊലീസ് ഉയർത്തുന്നത്. പരാതിയിൽ നടപടിയെടുത്തോ എന്ന് അറിയിക്കണമെന്നും ഇല്ലെങ്കിൽ കാരണം വിശദീകരിക്കണമെന്നും നിർദ്ദേശമുണ്ട്. സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങളുടെ വിവരങ്ങൾ നൽകണമെന്നും നിർദ്ദേശമുണ്ട്.
തനിക്കുണ്ടായ ദുരനുഭവം അക്കാദമി ഭാരവാഹികളെ അറിയിച്ചിരുന്നുവെന്ന് ചലച്ചിത്ര പ്രവർത്തക മൊഴി നൽകിയിട്ടുണ്ട്. ജൂറിയുടെ വിശദാംശങ്ങൾ, ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ എന്നിവയും ആവശ്യപ്പെടും. ഐഎഫ്എഫ്കെയുടെ സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള ജൂറി അംഗങ്ങളായിരുന്നു പരാതിക്കാരിയും പി ടി കുഞ്ഞുമുഹമ്മദും. കഴിഞ്ഞ മാസം ആറിന് ഹോട്ടലിൽ വെച്ച് കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ച് മോശമായി പെരുമാറിയെന്നാണ് പരാതി നൽകിയത്. ഹോട്ടലിലുണ്ടായിരുന്ന അംഗങ്ങളുടെ മൊഴിയെടുക്കാനുമാണ് തീരുമാനം. തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസാണ് നോട്ടീസ് നൽകിയത്.