Kerala
രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; വിധി പറയാൻ മാറ്റി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യപേക്ഷയിൽ വാദം പൂർത്തിയായി. കേസിൽ വാദം പൂർത്തിയാക്കി കോടതി വിധി പറയാൻ മാറ്റുകയായിരുന്നു. ഒന്നേമുക്കാൽ മണിക്കൂറോളമാണ് കേസിൽ വാദം നടന്നത്.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് രാഹുലിന്റെ മുൻകൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു രാഹുലിൻ്റെ ജാമ്യഹര്‍ജിയിലെ വാദം നടന്നത്. രാഹുലും പരാതിക്കാരിയും ഈ ആവശ്യം കോടതിയില്‍ ഉന്നയിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി മറ്റുള്ളവരെ പുറത്തിറക്കി വാദം കേട്ടത്.
ഇന്ന് രാവിലെ കേസിലെ പോലീസ് റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. സീൽ ചെയ്ത കവറിലുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. വിശദമായ വാദം കേൾക്കാമെന്ന് കോടതി അറിയിച്ചതോടെയാണ് നടപടികൾ അടച്ചിട്ട മുറിയിലേക്ക് മാറ്റിയത്. ഡോക്ടറുടെ ഉള്‍പ്പെടെ സാക്ഷി മൊഴികള്‍ അടങ്ങിയ റിപ്പോര്‍ട്ടായിരുന്നു പോലീസ് ഹാജരാക്കിയത്.
ബലാത്സംഗം നടത്തിയതിന് തെളിവുണ്ട്, യുവതിയെ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിയതിന് തെളിവുണ്ട്, തുടങ്ങിയ കാര്യങ്ങളായിരുന്നു പോലീസ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. മറ്റു കേസുകള്‍ പരിഗണിച്ചശേഷം രാവിലെ 11:30 ഓടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂര്‍ ജാമ്യ ഹര്‍ജിയിൽ നടപടികളാരംഭിച്ചത്.