Kerala

പി.പി. ദിവ്യക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്തിൽ നിന്ന് രേഖകൾ പിടിച്ചെടുത്ത് വിജിലൻസ്

Posted on

കണ്ണൂർ: പി.പി. ദിവ്യക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്തിൽ നിന്ന് രേഖകൾ പിടിച്ചെടുത്ത് വിജിലൻസ്. കാർട്ടൺ ഇന്ത്യ അലയൻസ് ലിമിറ്റഡ് കമ്പനി ഏറ്റെടുത്ത് നടത്തിയ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് ഫയലുകളാണ് വിജിലൻസ് സംഘം ശേഖരിച്ചത്. കാർട്ടൺ ഇന്ത്യയ്ക്ക് കരാറുകൾ നൽകിയതിൽ ക്രമക്കേടുണ്ടെന്ന കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് പ്രാഥമിക അന്വേഷണം.

പി.പി. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 12 കോടി രൂപയുടെ പദ്ധതികൾ കാർട്ടൺ കമ്പനിക്ക് നൽകിയെന്നും ഇതിൽ ക്രമക്കേടുണ്ടെന്നുമാണ് പരാതിയിലെ ആരോപണം. ഇതുമായി ബന്ധപ്പെട്ട രേഖകളും കരാർ സംബന്ധിച്ച ഫയലുകളുമാണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്.

പൊതുമേഖലാ സ്ഥാപനമായ സിൽക്കിനാണ് ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ നിർവഹണ കരാർ നൽകിയിരുന്നത്. സിൽക്ക് മുഖേനയാണ് കാർട്ടൺ ഇന്ത്യയ്ക്ക് ഉപകരാർ ലഭിച്ചത്. ഈ ഇടപാടുമായി ബന്ധപ്പെട്ടും വിജിലൻസ് അന്വേഷണം നടത്തും. അതേസമയം, കാർട്ടൺ ഇന്ത്യ കമ്പനി കാസർകോട് ജില്ലാ പഞ്ചായത്തിന് കീഴിൽ 22 സ്കൂളുകളിൽ ഏറ്റെടുത്ത് നടപ്പാക്കിയ പദ്ധതികളിലും ക്രമക്കേടുണ്ടെന്ന ആരോപണം ഉയർന്നിരുന്നു.

എന്നാൽ, മുസ്‌ലിം ലീഗ് നേതാവിന്റെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നാണ് കാസർകോട് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ വിശദീകരണം. കാസർകോട് ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരിന് പണം നൽകിയെന്ന തരത്തിലുള്ള കാർട്ടൺ കമ്പനി എംഡി മുഹമ്മദ് ആസിഫിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കട്ടെയെന്നും നിയമവിരുദ്ധമായി ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നും ഷാനവാസ് പാദൂർ പ്രതികരിച്ചു. കരാർ നടപടികളിലും പദ്ധതികളുടെ നിർവഹണത്തിലും ക്രമക്കേടുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളാണ് വിജിലൻസ് അന്വേഷണത്തിൽ പരിശോധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version