India
പൊലീസ് ട്രെയിനി തൂങ്ങി മരിച്ചതിൽ ദുരൂഹത; ജാതിയധിക്ഷേപവും പീഡനവും നേരിട്ടെന്ന് പരാതി
പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ പൊലീസ് ട്രെയിനിയായ ആനന്ദ് തൂങ്ങി മരിച്ച സംഭവത്തില്‍ പരാതിയുമായി സഹോദരന്. മരണത്തില്‍ അന്വേഷണം വേണമെന്നും ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ആനന്ദിന്റെ സഹോദരൻ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയത്.
മേലുദ്യോഗസ്ഥനില്‍ നിന്ന് ആനന്ദിന് പീഡനം നേരിട്ടിരുന്നു. ഇതിന് പുറമെ ജാതിയധിക്ഷേപം ഉണ്ടായെന്നും പരാതിയിൽ പറയുന്നു.
ഇന്ന് രാവിലെയാണ് പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ ബാരക്കില്‍ ആനന്ദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ആനന്ദ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആനന്ദിനെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ക്യാമ്പിലേക്ക് മടക്കികൊണ്ടുവരികയും പിന്നീട് വിശ്രമത്തിലുമായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.