Kerala
കെഎസ്‌ആർടിസി ബസിൽ നഗ്നതാ പ്രദർശനം, പ്രതി പിടിയിൽ
കൊല്ലം: കെ എസ് ആർ ടി സി ബസിനുള്ളിൽ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനംന ടത്തിയ പ്രതി പിടിയിൽ. മൈലക്കാട് സ്വദേശി സുനിൽ കുമാറാണ് പിടിയിലായത്. ഇത്തിക്കര പാലത്തിന് സമീപത്തുവച്ച് ഇന്ന് പുലർച്ചെയാണ് പ്രതിയെ പിടികൂടിയത്
പ്രതിയെ തിരിച്ചറിഞ്ഞതായി കൊല്ലം സിറ്റി പൊലീസ് അറിയിച്ചിരുന്നു. തിങ്കളാഴ്ച രാത്രി 10.50 ഓടെയായിരുന്നു സംഭവം. കൊല്ലം സ്വദേശിനിയായ യുവതി പി എസ് സി കമ്പെയ്ൻ സ്റ്റഡി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ കൊട്ടിയം ജംഗ്ഷനിൽ നിന്ന് മാവേലിക്കര ഫാസ്റ്റ് പാസഞ്ചർ ബസിൽ കയറി.
മുന്നിൽ നിന്ന് മൂന്നാമത്തെ സീറ്റിലാണ് ഇരുന്നത്. ബസ് മേവറം എത്തിയതോടെ എതിർവശത്തെ സീറ്റിലിരിക്കുകയായിരുന്ന മൈലക്കാട് സ്വദേശി തുടർച്ചയായി നഗ്നതാ പ്രദർശനം നടത്തുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു. ഇതോടെ യുവതി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. ദൃശ്യങ്ങൾ പകർത്തുന്നുവെന്ന് കണ്ടിട്ടും പ്രതി ലൈംഗിക ചേഷ്ടകൾ തുടർന്നു. ഈ ദൃശ്യങ്ങളുടെയും പരാതിക്കാരിയുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.