Kerala
മെമു എറണാകുളത്തേക്ക് നീട്ടിയപ്പോൾ അതിന്റെ പിതൃത്വം ഏറ്റെടുത്ത കൊടിക്കുന്നിൽ സുരേഷ് ;നീട്ടൽ മരവിച്ചപ്പോളും അതിൻെറ പിതൃത്വം ഏറ്റെടുക്കുമോ :പി കെ കൃഷ്ണദാസ്
കോട്ടയം: കോട്ടയം -കൊല്ലം റൂട്ടിലെ യാത്രക്കാരുടെ പരാതികൾ കണക്കിലെടുത്ത് കൊല്ലം–കോട്ടയം മെമു ട്രെയിൻ എറണാകുളത്തേക്ക് നീട്ടാനുള്ള തീരുമാനം റെയിൽവേ താൽക്കാലികമായി മരവിപ്പിച്ചതായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് അറിയിച്ചു. യാത്രക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ ഇടപെടലുകളുടെയും റെയിൽവേ മന്ത്രിയുമായും റെയിൽവേ ബോർഡ് ചെയർമാനുമായും ജനറൽ മാനേജരുമായും നടത്തിയ ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് തീരുമാനം.
മെമു സർവീസ് എറണാകുളത്തേക്ക് നീട്ടിയപ്പോൾ സമയക്രമത്തിൽ പരാതികൾ ഉയർന്നിരുന്നു. കൊല്ലം മുതൽ കോട്ടയം വരെയുള്ള വിവിധ സ്റ്റേഷനുകളെ ആശ്രയിക്കുന്ന സ്ഥിരം യാത്രക്കാരുടെ യാത്രാക്രമം താളംതെറ്റുമെന്ന ആശങ്ക ഉയർന്നു. പ്രത്യേകിച്ച് ജോലി, വിദ്യാഭ്യാസം, മറ്റ് ദൈനംദിന ആവശ്യങ്ങൾ എന്നിവയ്ക്കായി ഈ റൂട്ടിൽ ട്രെയിനിനെ ആശ്രയിക്കുന്നവർക്ക് നിലവിലെ സമയക്രമം ഏറെ പ്രധാനപ്പെട്ടതാണ്. യാത്രക്കാരുടെ ഈ ആശങ്കകൾ റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും നിലവിലുള്ള സർവീസിൽ മാറ്റം വരുത്തുന്നതിന് മുമ്പ് യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടർന്നാണ് നടപടി.
വേണാട് എക്സ്പ്രസിലെ അമിതമായ തിരക്കിന് പരിഹാരം കാണാൻ പുതിയ ട്രെയിൻ സർവീസ് അനുവദിക്കുന്ന കാര്യം റെയിൽവേയുടെ സജീവ പരിഗണനയിലാണ്. യാത്രക്കാരുടെ സൗകര്യങ്ങൾ കൂടി പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കാനും റെയിൽവേ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായത്.
എറണാകുളത്തുനിന്ന് കോട്ടയം വഴി കൊല്ലത്തേക്ക് വൈകുന്നേരങ്ങളിൽ വേണാട് എക്സ്പ്രസിന് മുൻപായി പുതിയൊരു ട്രെയിൻ അനുവദിക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചിട്ടുണ്ട്. പുതിയ സർവീസ് ആരംഭിച്ചാൽ നിലവിലുള്ള യാത്രക്കാരുടെ സൗകര്യങ്ങൾക്ക് തടസ്സമുണ്ടാക്കാതെ വേണാട് എക്സ്പ്രസിലെ തിരക്ക് കുറയ്ക്കാനും കൂടുതൽ യാത്രക്കാർക്ക് ആശ്വാസം നൽകാനും കഴിയും. ഈ ആവശ്യത്തിൽ അനുകൂലമായ തീരുമാനം ഉടൻ ഉണ്ടാകും
അതേസമയം, മെമു എറണാകുളത്തേക്ക് നീട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചപ്പോൾ അതിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് വലിയ നേട്ടമായി അവതരിപ്പിച്ച കൊടിക്കുന്നിൽ സുരേഷ് എംപി, ഇപ്പോൾ യാത്രക്കാരുടെ പരാതിയെ തുടർന്ന് തീരുമാനം മരവിപ്പിക്കേണ്ടിവന്ന സാഹചര്യത്തിലും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം. നിലവിലുള്ള മെമു സർവീസ് സംരക്ഷിക്കുന്നതിനും വേണാട് എക്സ്പ്രസിലെ തിരക്ക് പരിഹരിക്കാൻ പുതിയ ട്രെയിൻ അനുവദിക്കുന്നതിനുമായി റെയിൽവേ മന്ത്രാലയത്തിൽ തുടർന്നും സമ്മർദം ചെലുത്തുമെന്നും റെയിൽവേ പി എ സി മുൻ ചെയർമാൻ പി.കെ. കൃഷ്ണദാസ് അറിയിച്ചു.