India
6 വയസുകാരന്റെ ചെവി കടിച്ചെടുത്ത് പിറ്റ്ബുൾ; നടുക്കുന്ന സംഭവം ഡൽഹിയിൽ
ന്യൂഡൽഹി: ഡൽഹിയിൽ ആറ് വയസുകാരനു നേർക്കു പിറ്റ്ബുൾ ഇനത്തിൽപ്പെട്ട വളർത്തു നായയുടെ ക്രൂരമായ ആക്രമണം.
കുട്ടിയുടെ ചെവി നായ കടിച്ചെടുത്തു. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. ഡൽഹിയിലെ പ്രേനംഗർ പ്രദേശത്താണ് നടുക്കുന്ന സംഭവം.ഞായറാഴ്ച വൈകീട്ട് കുട്ടി വീടിനു പുറത്തു കളിക്കുന്നതിനിടെയാണ് വളർത്തു നായ ആക്രമിച്ചത്.
കുട്ടിയെ നായ കടിച്ചു കുടയുന്നതാണു സിസിടിവി ദൃശ്യങ്ങളിലുള്ളത്. നായയെ കണ്ട് കുട്ടി രക്ഷപ്പെടാൻ നോക്കുന്നതിനിടെ നായ കുട്ടിയുടെ നേർക്ക് ചാടി വീഴുകയായിരുന്നു. കുട്ടി ഓടിയതോടെ നായയും പിന്നാലെ പാഞ്ഞു. അതിനിടെ കുട്ടി നിലത്തു വീണു. ഇതോടെയാണ് കടുത്ത ആക്രമണം നായ പുറത്തെടുത്തത്. കുട്ടിയുടെ ചെവി നായ കടിച്ചു പിടിച്ചു.
ഒരു സ്ത്രീയും പിന്നാലെ ഒരു പുരുഷനും വന്നു കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു. അതിനിടെ കുട്ടിയുടെ ചെവി നായ കടിച്ചെടുത്തിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് നായയുടെ പിടിയിൽ കുട്ടിയെ രക്ഷിച്ചത്. കുട്ടി ഓടിപ്പോയതിനു പിന്നാലെ മറ്റൊരാൾ വന്നു റോഡിൽ വീണു കിടന്ന ചെവി എടുത്തു കൊണ്ടു പോകുന്നതും ദൃശ്യങ്ങളിലുണ്ട്.