Kerala

ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട്

Posted on

കണ്ണൂർ: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടുള്ള പ്രോഗ്രസ് കാര്‍ഡ് പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചത്. പ്രകടന പത്രികയിൽ പറഞ്ഞിരുന്ന 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ചത്. കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ വച്ചാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ചത്. സർക്കാരിന്റെ പ്രവർത്തനങ്ങളുടെ കണക്ക് അവതരിപ്പിക്കുന്നത് ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് മിഷൻ പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മിച്ച് നൽകിയതായും, നാലര ലക്ഷം കുടുംബങ്ങൾക്ക് പട്ടയം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീശാക്തീകരണത്തിനും മുൻഗണന നൽകിയ സർക്കാർ 16 ലക്ഷത്തിലധികം സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തെ നിക്ഷേപ സൗഹൃദമായി മാറ്റാൻ നടപടികൾ കൈക്കൊണ്ടു, ഭരണസേവനങ്ങൾ ലളിതമാക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 82 ലക്ഷം അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കിയെന്നും, പി എസ്‍ സി വഴി 3,13,202 നിയമനങ്ങൾ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊഴിരഹിതർക്ക് 2,66,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version