Kerala

ആത്മീയ ആചാര്യന്‍മാര്‍ ആധുനിക കേരളത്തിന് മാനസിക അടിത്തറ പാകി, പുരോഗമനത്തിലേക്ക് നയിച്ചു: മുഖ്യമന്ത്രി

Posted on

തിരുവനന്തപുരം: ആത്മീയ ആചാര്യന്‍മാരുടെ സാമൂഹിക ഇടപെടലുകളാണ് ആധുനിക കേരളത്തിന് മാനസികമായ അടിത്തറ പാകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആത്മീയ ആചാര്യന്‍മാര്‍ക്ക് സമൂഹത്തെ ഭൗതികമായി പരിവര്‍ത്തനപ്പെടുത്താനും പുരോഗമനത്തിലേക്ക് നയിക്കാനും കഴിയും എന്നതാണ് ചരിത്രം. ആ ആത്മീയതയുടെ പൈതൃകം നഷ്ടപ്പെടാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു.

പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ജന്മദിനാഘോഷമായ ‘നവപൂജിതം’ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേവലം ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിലോ, ആത്മീയ കാര്യങ്ങള്‍ മാത്രം സംസാരിക്കുന്നതിലോ ഒതുങ്ങാതെ ഒരു സമൂഹത്തെ ഒന്നാകെ മാറ്റിയെടുക്കാനാണ് ആത്മീയ ഗുരുക്കന്‍മാര്‍ പരിശ്രമിച്ചത്. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും പൊയ്കയില്‍ അപ്പച്ചനും മക്തി തങ്ങളുമൊക്കെ സ്വീകരിച്ച പുരോഗമനപരാമായ നിലപാടുകള്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് നല്‍കിയ ഊര്‍ജ്ജം ചെറുതല്ല.

ആത്മീയ പ്രസ്ഥാനങ്ങള്‍ക്ക് സാമൂഹിക പ്രതിബദ്ധതയുണ്ടെന്ന് ഈ ആചാര്യന്‍മാര്‍ നമുക്ക് കാണിച്ചു തന്നു. ഈ നിലയിലാണ് ശ്രീകരുണാകരഗുരുവിന്റെയും സ്ഥാനം. ആത്മീയതയുടെയും മാനുഷിക മൂല്യങ്ങളുടെയും മഹത്തായ സന്ദേശം പ്രചരിപ്പിച്ച മഹാപ്രതിഭയാണ് ശ്രീകരുണാകരഗുരു. നവോത്ഥാനത്തിന്റെ തൊട്ടുപിന്നാലെ വന്ന ഘട്ടമാണ് ശ്രീകരുണാകരഗുരുവിന്റെ പ്രവര്‍ത്തനകാലം. വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ധം വളര്‍ത്താനും എല്ലാ മതങ്ങളെയും ഒരു പോലെ ബഹുമാനിപ്പിക്കാനും ഗുരു പഠിപ്പിച്ചു.

സമൂഹത്തില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കിയും വിശക്കുന്നവന് ആഹാരം കൊടുത്തും വൈദ്യശുശ്രൂഷയയ്ക്ക് പ്രാധാന്യം നല്‍കിയും ആത്മീയതയില്‍ വേറിട്ട ഒരു പാത സൃഷ്ടിക്കാന്‍ കരുണാകരഗുരുവിന് കഴിഞ്ഞുവെന്നും’ മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version