Politics

കൊല്ലത്തെ സിപിഐഎം സമ്പന്നരുടെ മാത്രം പാര്‍ട്ടിയായി മാറിയെന്നും സിപിഐ(എം) പിരിവ് പാര്‍ട്ടിയായി മാത്രം ഒതുങ്ങിയെന്നും വിമര്‍ശനം

Posted on

കൊല്ലം: സിപിഐഎം കൊല്ലം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്റെ അവസാന ദിനത്തിലെ ചര്‍ച്ചയിലും പിണറായിക്കെതിരെ വിമര്‍ശനവുമായി പ്രതിനിധികള്‍. പാര്‍ട്ടി വ്യക്തി കേന്ദ്രീകൃതമായെന്നാണ് വിമര്‍ശനം. ‘പിണറായി വിജയന്‍ മാത്രമല്ല പാര്‍ട്ടി’യെന്ന് നേതാക്കള്‍ ഓര്‍ക്കണം. എക്‌സാലോജിക്ക് കേസില്‍ പിണറായി വിജയനെയും മകളെയും മരുമകനെയും സംരക്ഷിക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് വിടണമെന്നുമാണ് പ്രതിനിധികള്‍ ഉയര്‍ത്തിയ പൊതു അഭിപ്രായം.

വിവാദ കരിമണല്‍ കമ്പനിയുമായി കരാറിലേര്‍പ്പെട്ടത് തെറ്റെന്ന വിമര്‍ശനവുമുണ്ട്. വീണ വിജയന്റെ പ്രവൃത്തികള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ചര്‍ച്ച ഉയര്‍ന്നു. സജി ചെറിയാനെതിരെയും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. സജി ചെറിയാന്റെ പ്രസ്താവനകള്‍ പാര്‍ട്ടിയെ വെട്ടിലാക്കിയെന്നും അദ്ദേഹത്തെ നിയന്ത്രിക്കാന്‍ നേതൃത്വം തയ്യാറാവണമെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ജില്ലാ സെക്രട്ടറി എസ് സുദേവനെതിരെയും ഒരു വിഭാഗം നേതാക്കള്‍ രംഗത്ത് വന്നു. ജില്ലാ സെക്രട്ടറിക്ക് കത്തെഴുതി കൈ കുഴയുന്നതല്ലാതെ ഒരു കാര്യവും നടക്കുന്നില്ലെന്നായിരുന്നു വിമര്‍ശനം. കത്തില്ലാതെ ജില്ലാ സെക്രട്ടറിയെ കൊണ്ട് കാര്യങ്ങള്‍ സാധിക്കുന്നവരും ഉണ്ടെന്ന് ചില പ്രതിനിധികള്‍ കടുത്ത ഭാഷയില്‍ തുറന്നടിച്ചു.

സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പാര്‍ട്ടിയെ ലക്ഷ്യം വെച്ചാണ് ഇഡി വേട്ട നടക്കുന്നതെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നത്. പിണറായിയെയും മുഹമ്മദ് റുയാസിനെയും ലക്ഷ്യം വെച്ചു വന്ന ഇഡി കേസില്‍ വീണ വിജയന്‍ പ്രതിയായി പോയതാണെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.ജില്ലാ കമ്മിറ്റിയുടെ ആദ്യ ദിവസവും പിണറായിക്കെതിരെയും എം വി ഗോവിന്ദനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. പിണറായി വിജയനും മകളും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് പ്രതിനിധികള്‍ തുറന്നടിച്ചിരുന്നു. പിണറായി വിജയന്‍ പാര്‍ട്ടിക്ക് മുകളിലേക്ക് വളര്‍ന്നതും തിരിച്ചടിയായി. വിഎസിനെ അടക്കം അനുസ്മരിച്ചായിരുന്നു വിമര്‍ശനം. പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റി. പിണറായി സര്‍ക്കാരിനെ തിരുത്താന്‍ പാര്‍ട്ടിക്കായില്ലെന്നും ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച ഉയര്‍ന്നിരുന്നു.

മകള്‍ക്കായി കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങുമ്പോള്‍ പിണറായി ഇഎംഎസിനെ ഓര്‍ക്കണമായിരുന്നുവെന്നും പ്രതിനിധികള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന് ഔചിത്യ ബോധമില്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എം വി ഗോവിന്ദന്റെ തെറ്റായ നിലപാടുകള്‍ കണ്ണൂരിലെ പരാജയത്തിന് കാരണമായി. ആലപ്പുഴയിലും കണ്ണൂരിലും അടക്കം നേതാക്കല്‍ പാര്‍ട്ടി വിട്ട് പോയത് എം വി ഗോവിന്ദന്റെ നിലപാടുകള്‍ കൊണ്ടാണ്. നേതാക്കളുടെ ശരീരഭാഷയും, ജനങ്ങളോടുള്ള സമീപനങ്ങളും പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും ചര്‍ച്ച ഉയര്‍ന്നിരുന്നു.തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രണ്ട് ടേം വ്യവസ്ഥ എടുത്തു കളഞ്ഞത് ആരെ സംരക്ഷിക്കാനെണെന്ന് നേതൃത്വത്തോട് ചോദിച്ച പ്രതിനിധികള്‍ കൊല്ലം ജില്ലയില്‍ വനിതകളെ മത്സരിപ്പിക്കാത്തതിനെതിരെയും വിമര്‍ശനം ഉന്നയിച്ചു. സംസ്ഥാന നേതൃത്വത്തെ ജില്ലാ നേതൃത്വത്തിന് പേടിയാണെന്നും പരിഹാസമുണ്ടായി. കൊല്ലത്തെ സിപിഐഎം സമ്പന്നരുടെ മാത്രം പാര്‍ട്ടിയായി മാറിയെന്നും സിപിഐഎം പിരിവ് പാര്‍ട്ടിയായി മാത്രം ഒതുങ്ങിയെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version